പാർട്ടിക്ക് വേണ്ടി പണിയെടുത്തവരെ കോൺഗ്രസ് നേതൃത്വം തഴഞ്ഞു : തളിപ്പറമ്പിലെ വിമത സ്ഥാനാർത്ഥി കൊയ്യം ജനാർദ്ദനൻ

പാർട്ടിക്കുവേണ്ടി പണിയെടുത്തവരെ കോണ്‍ഗ്രസ് നേതൃത്വം ത‍ഴഞ്ഞുവെന്ന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് വിമത സ്ഥാനാർഥി കൊയ്യം ജനാർദ്ദനൻ പറഞ്ഞു.

 


തളിപറമ്പ്: പാർട്ടിക്കുവേണ്ടി പണിയെടുത്തവരെ കോണ്‍ഗ്രസ് നേതൃത്വം ത‍ഴഞ്ഞുവെന്ന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് വിമത സ്ഥാനാർഥി കൊയ്യം ജനാർദ്ദനൻ പറഞ്ഞു. തളിപറമ്പ് പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകരെ നേതാക്കള്‍ ചതിച്ചുവെന്ന് കൊയ്യം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ ചതിച്ചു വന്ന ടി കെ ഗോവിന്ദന് കോണ്‍ഗ്രസ് സീറ്റ് നൽകിയതിലും അദ്ദേഹം വിമർശിച്ചു. സി പി  എം വിട്ട് വന്നയാൾക്ക് സീറ്റ് കൊടുത്തു. കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

 കോൺഗ്രസ് പ്രവർത്തകരെ നേതാക്കൾ ചതിച്ചുവെന്നും ടി കെ ഗോവിന്ദന് കോൺഗ്രസ് പ്രവർത്തകർ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. അന്നും ഇന്നും എന്നും കോൺഗ്രസുകാരനായിരിക്കും. കോൺഗ്രസുകാരനായ ഒരേയൊരു സ്ഥാനാർത്ഥിയാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, വിമത സ്ഥാനാര്‍ഥിയായി നിന്നതിന് പിന്നാലെ കൊയ്യം ജനാർദ്ദനനനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ പി സി സി, ഡി സി സി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് പുറത്താക്കാൻ ജില്ലാ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. കെ.പി സി.സി അധ്യക്ഷൻസണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്‍ദ്ദനന്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി .

അതേ സമയം ശനിയാഴ്ച്ച മുതൽ തെരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമാക്കാൻ കൊയ്യം ജനാർദനൻ തീരുമാനിച്ചിട്ടുണ്ട്. തളിപ്പറമ്പിൽ സി.പി.എം വി മതനായ ടി.കെ ഗോവിന്ദനെ കളത്തിലിറക്കി മത്സരം ശക്തമാക്കിയ സി.പി.എമ്മിന് ഏറ്റതിരിച്ചടിയാണ് കൊയ്യത്തിൻ്റെ വിമത സ്ഥാനാർത്ഥിത്വം' തളിപറമ്പ് മണ്ഡലത്തിൽ മൂന്ന് പതിറ്റാണ്ടിലേറെ കോൺഗ്രസ് രാഷ്ട്രീയത്തിൽ അടിത്തട്ടു മുതൽ കെ.പി സി.സി വരെ പ്രവർത്തിച്ച പാരമ്പര്യമുള്ള ജനകീയ മുഖങ്ങളിലൊന്നാണ് കൊയ്യം ജനാർദ്ദനൻ്റെത്. ഇക്കുറി തളിപറമ്പ് മണ്ഡലത്തിൽ അദ്ദേഹം സീറ്റ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സി.പി.എമ്മിലെഅപ്രതീക്ഷിത സംഭവങ്ങൾ കാരണം പുറത്താവുകയായിരുന്നു.