തെരഞ്ഞെടുപ്പ് അവലോകനയോഗത്തിനിടെ കോൺഗ്രസ് നേതാവിനെ കസേരകൊണ്ട് എറിഞ്ഞുപരിക്കേൽപ്പിച്ചു; ആലപ്പുഴയിൽ പ്രവർത്തകനെതിരെ പരാതി
ആലപ്പുഴ: തെരഞ്ഞെടുപ്പ് അവലോകനയോഗത്തിനിടെ കോൺഗ്രസ് നേതാവിനെ കസേര കൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി. മണ്ണഞ്ചേരിയിലുണ്ടായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം നേതാജി മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള വാര്‍ഡുകളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകനയോഗം നടത്തിയിരുന്നു. യോഗത്തിനിടെയാണ് കസേരയേറും കയ്യാങ്കളിയുമുണ്ടായത്.
സംഭവത്തില്‍ കോണ്‍ഗ്രസ് മാരാരിക്കുളം മുന്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍ ചിദംബരനാണ് കസേരയേറില്‍ തലയ്ക്ക് പരിക്കേറ്റത്. ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് എം പി ജോയിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം എസ് ചന്ദ്രബോസ്, എം പി ജോയി, പി തമ്പി എന്നിവര്‍ക്ക് നേരെ എറിഞ്ഞ കസേര ഫാനില്‍ ഉടക്കി യോഗം നിയന്ത്രിച്ചിരുന്ന ചിദംബരന്റെ തലയില്‍ തട്ടുകയായിരുന്നു.