സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈല്‍ ഷാജഹാനെ പുറത്താക്കി കോണ്‍ഗ്രസ്

ഡോ. സബൈന്‍ ശിവദാസന്റെ പരാതിയില്‍ പേട്ട പൊലീസ് ആണ് സുഹൈല്‍ ഷാജഹാനെ അറസ്റ്റ് ചെയ്തത്.

 

പൊലീസാണ് രഹസ്യ കാമറ ഉപയോഗിച്ച് സുഹൈല്‍ ഷാജഹാന്‍ പണം വാങ്ങുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈല്‍ ഷാജഹാനെ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സുഹൈല്‍ ഷാജഹാനെ പുറത്താക്കിയത്. തിരുവനന്തപുരം ഡിസിസി അംഗമായിരുന്നു സുഹൈല്‍ ഷാജഹാന്‍. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനാണ് നടപടി സ്വീകരിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ഡോ സാബൈന്‍ ശിവദാസനില്‍ നിന്നുമാണ് 10 ലക്ഷം രൂപ സുഹൈല്‍ ഷാജഹാന്‍ വാങ്ങിയത്. ചെവ്വാഴ്ച രാവിലെയാണ് ഡിസിസി അംഗം ആശുപത്രിയിലെത്തി പണം വാങ്ങിയത്. പിന്നാലെയാണ് പേട്ട പോലീസ് പ്രതിയെ പിടികൂടിയത്. പൊലീസ് നിര്‍ദ്ദേശ പ്രകാരമായിരുന്നു ഡോ. സബൈന്‍ ശിവദാസ് പണം കൈമാറിയതും തെളിവുകളോടെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതും. പൊലീസാണ് രഹസ്യ കാമറ ഉപയോഗിച്ച് സുഹൈല്‍ ഷാജഹാന്‍ പണം വാങ്ങുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

ഡോ. സബൈന്‍ ശിവദാസന്റെ പരാതിയില്‍ പേട്ട പൊലീസ് ആണ് സുഹൈല്‍ ഷാജഹാനെ അറസ്റ്റ് ചെയ്തത്. എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയാണ് സുഹൈല്‍. കഴിഞ്ഞ ശനിയാഴ്ച ചങ്ങാതിക്കൂട്ടം എന്ന ചാനലില്‍ ആശുപത്രിയെ സംബന്ധിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത വന്നിരുന്നുവെന്നും ഇത് പിന്‍വലിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് സുഹൈല്‍ ഷാജഹാന്‍ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഡോ. സബൈന്‍ ശിവദാസന്റെ ആരോപണം. ആദ്യം വിസമ്മതിച്ചതോടെ വീണ്ടും ബന്ധപ്പെടുകയായിരുന്നു. ഭയമായതോടെ പത്ത് ലക്ഷം രൂപ കൊടുക്കാമെന്ന് അറിയിക്കുകയും ചൊവ്വാഴ്ച വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആശുപത്രിയെ സംബന്ധിച്ചുള്ള പോസ്റ്റ് ഉടന്‍ ചാനലില്‍ നിന്നും മാറ്റിയിരുന്നു. ചൊവ്വാഴ്ച പണം കൈമാറാന്‍ എത്തിയതോടെ തങ്ങള്‍ പൂട്ടിയിടുകയും പൊലീസിനെ വിളിക്കുകയുമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.