എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സയ്ക്കായി നടക്കുന്ന ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയതാണ് തെറ്റിധാരണയ്ക്ക് കാരണം ; വിശദീകരണവുമായി ആരോഗ്യമന്ത്രി

ധനസമാഹരണമെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്ന റിസ്ഡിപ്ലാം മരുന്നിനെ കുറിച്ച് പറഞ്ഞതെന്നാണ് വിശദീകരണം

 

എസ്.എം.എ. ബാധിതര്‍ക്ക് ഓറല്‍ മരുന്നായ റിസ്ഡിപ്ലാം മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള ഏക ചികിത്സ

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സയ്ക്കായി നടക്കുന്ന ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയതാണ് തെറ്റിധാരണയ്ക്ക് കാരണമായതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്ന റിസ്ഡിപ്ലാം മരുന്നിനെ കുറിച്ച് പറഞ്ഞതെന്നാണ് വിശദീകരണം. എസ്.എം.എ. ബാധിതര്‍ക്ക് ഓറല്‍ മരുന്നായ റിസ്ഡിപ്ലാം മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള ഏക ചികിത്സ. ഇത് സര്‍ക്കാര്‍ സൗജന്യമായി നല്‍കിവരുന്നുണ്ടെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.


എന്നാല്‍, ഇപ്പോള്‍ നടക്കുന്ന ക്യാമ്പെയിന്‍ ജീന്‍ തെറാപ്പിക്കുവേണ്ടിയാണെന്ന് പിന്നീടാണ് വ്യക്തമായതെന്നും മന്ത്രി പറഞ്ഞു. ചോദ്യത്തില്‍ ചികിത്സാരീതി വ്യക്തമാക്കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും മന്ത്രി വ്യക്തമാക്കി. ജീന്‍ തെറാപ്പി നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെങ്കിലും, ഏത് നൂതന ചികിത്സയിലൂടെയും കുട്ടികള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെങ്കില്‍ അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്ന ഏത് ശ്രമവും വ്യക്തിപരമായി സന്തോഷം നല്‍കുന്നതാണ്. ആപത്ത് ഘട്ടങ്ങളില്‍ ജാതി, മതം, വര്‍ണം, വര്‍ഗം എന്നിവയ്ക്കതീതമായി സഹായഹസ്തം നീട്ടുന്ന കേരളീയരുടെ മനുഷ്യത്വം എസ്.എം.എ ബാധിതരായ കുട്ടികളുടെ കാര്യത്തിലും പ്രകടമാകുന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.