വലിയ തോതില്‍ ഫീസ് വാങ്ങി പഠിപ്പിക്കുന്നത് അംഗീകാരമില്ലാത്ത കോഴ്സുകളെന്ന് പരാതി; ബ്രിക്സ് ഇന്റര്‍നാഷണല്‍ സ്ഥാപന ഉടമ കസ്റ്റഡിയില്‍

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, നേഴ്സിങ് അസിസ്റ്റന്റ്, സപ്ലൈ ചെയിന്‍ തുടങ്ങിയ കോഴ്സുകള്‍ പഠിപ്പിക്കുമെന്ന് പരസ്യം ചെയ്തിരുന്ന ഈ സ്ഥാപനത്തില്‍ 60000 രൂപയാണ് കോഴ്സ് ഫീസ് ആയി പറഞ്ഞിരുന്നത്.

 

വള്ളക്കടവ് പെരുന്താന്നി സ്വദേശി ഷംനാദിനെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

അംഗീകാരം ഇല്ലാത്ത കോഴ്സുകള്‍ നടത്തുന്നു എന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ സ്ഥാപന ഉടമ കസ്റ്റഡിയില്‍. കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബ്രിക്സ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, നേഴ്സിങ് അസിസ്റ്റന്റ്, സപ്ലൈ ചെയിന്‍ തുടങ്ങിയ കോഴ്സുകള്‍ ആണ് ഇവിടെ നടത്തി വന്നിരുന്നത്. വള്ളക്കടവ് പെരുന്താന്നി സ്വദേശി ഷംനാദിനെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, നേഴ്സിങ് അസിസ്റ്റന്റ്, സപ്ലൈ ചെയിന്‍ തുടങ്ങിയ കോഴ്സുകള്‍ പഠിപ്പിക്കുമെന്ന് പരസ്യം ചെയ്തിരുന്ന ഈ സ്ഥാപനത്തില്‍ 60000 രൂപയാണ് കോഴ്സ് ഫീസ് ആയി പറഞ്ഞിരുന്നത്. ഒരു വര്‍ഷത്തെ കോഴ്സ് ആറുമാസം കൊണ്ട് പഠിപ്പിക്കും എന്നാണ് ഇവര്‍ അവകാശപ്പെട്ടിരുന്നത്. ടെക്സ്റ്റ് ബുക്കിന് പണം വാങ്ങിയെങ്കിലും കോഴ്സ് തുടങ്ങി മൂന്നുമാസമായിട്ടും ടെക്സ്റ്റ് ബുക്ക് നല്‍കിയിട്ടില്ലെന്നുള്‍പ്പെടെയാണ് വിദ്യാര്‍ഥികളുടെ പരാതി.

3000 മുതല്‍ 40,000 വരെ ഫീസ് നല്‍കിയ 13 പേരാണ് കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയത്. എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ നടത്താന്‍ പറ്റിയ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുന്നത് എന്നാണ് വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വിദ്യാര്‍ഥികള്‍ അന്വേഷിച്ചപ്പോഴാണ് ഈ കോഴ്സുകള്‍ക്ക് ഒന്നും അംഗീകാരം ഇല്ല എന്ന് മനസ്സിലായത്. തുടര്‍ന്ന് ഇവരില്‍ നിന്നും വാങ്ങിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും ഫീസും മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടമ തയാറായില്ല. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കെല്‍ട്രോണ്‍ അംഗീകൃത കോഴ്സുകളാണ് നടത്തിവന്നിരുന്നതെന്നും വിദ്യാര്‍ത്ഥികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കാമെന്നും ഉടമ പറയുന്നു.