ഭരണഘടനാവിരുദ്ധം , സർക്കാർ മദ്യത്തിന്റെ പേരിടൽ മത്സരം റദ്ദാക്കണം: മുഖ്യമന്ത്രിക്ക് പരാതി

കേരള സർക്കാർ നിർമിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് പതിനായിരം രൂപ സമ്മാനം പ്രഖ്യാപിച്ചുള്ള മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി. പാലാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് പരാതി നൽകിയത്

 

കോട്ടയം: കേരള സർക്കാർ നിർമിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് പതിനായിരം രൂപ സമ്മാനം പ്രഖ്യാപിച്ചുള്ള മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി. പാലാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് പരാതി നൽകിയത്.ഭരണഘടനയിലെ 47-ാം അനുച്ഛേദ പ്രകാരം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും ഭരണകൂടം മുൻഗണന നൽകേണ്ടതിനാൽ പ്രസ്തുത ബ്രാൻഡി ഉൽപാദിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നും പരാതിയിലുണ്ട്.

മത്സരം ഭരണഘടനാവിരുദ്ധവും അബ്കാരി ആക്ടിന്റെ ലംഘനവുമാണെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. പുതിയ മദ്യം വിപണിയിൽ വരുന്നുവെന്ന പരസ്യമാണ് പത്രക്കുറിപ്പ് വഴി നടന്നിരിക്കുന്നതെന്നും ഇത് പരോക്ഷമായ മദ്യപരസ്യത്തിന്റെ ഗണത്തിൽ വരുന്ന കാര്യമാണെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. പരസ്യത്തെക്കുറിച്ച് അന്വേഷണം നടത്തി മത്സരം നിർത്തണമെന്നും മദ്യത്തിന്റെ പേരിലുള്ള പരസ്യത്തിനായി ഇത്തരം പ്രചാരണം നടത്തിയ ഉദ്യോഗസ്ഥനെതിരേ നിയമനടപടി സ്വീകരിക്കണമെന്നും മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അയച്ച പരാതിയിലുണ്ട്.കഴിഞ്ഞദിവസമാണ് മദ്യത്തിന് പേരും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകിക്കൊണ്ടുള്ള പത്രക്കുറിപ്പ് പുറത്തെത്തിയത്.