യുഡിഎഫ് അധികാരത്തിൽ വന്നാൽ മത്സര രംഗത്തുനിന്നും മാറി നിൽക്കുന്നവർക്കായിരിക്കും പ്രധാന പരിഗണന :  കെ.സി.വേണുഗോപാൽ

യുഡിഎഫ് അധികാരത്തിൽ വന്നാൽ മത്സര രംഗത്തുനിന്നും മാറി നിൽക്കുന്നവർക്കായിരിക്കും പ്രധാന പരിഗണനയെന്ന്  എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

 

ആലപ്പുഴ : യുഡിഎഫ് അധികാരത്തിൽ വന്നാൽ മത്സര രംഗത്തുനിന്നും മാറി നിൽക്കുന്നവർക്കായിരിക്കും പ്രധാന പരിഗണനയെന്ന്  എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സ്ഥാനാർത്ഥി ചർച്ചകളിൽ കൃത്യമായ ഇടപെടലുകൾ നടത്തി സമ്പൂർണ്ണ ലിസ്റ്റ് പുറത്തിറക്കാൻ കഴിഞ്ഞത് കോൺഗ്രസിന്റെ വിജയമായാണ് കേന്ദ്രനേതൃത്വം കരുതുന്നത്. സ്ഥാനാർത്ഥി നിർണയ  ചർച്ചയിൽ നിരവധി നേതാക്കളുടെ പേരുകൾ നേതൃത്വത്തിന് മുന്നിൽ വന്നിരുന്നു. അവരാരും ഒട്ടും മോശമല്ലെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിനുള്ളതെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുനിന്നും മാറി നിൽക്കുന്നവർ ആയിരിക്കും യുഡിഎഫ് അധികാരത്തിൽ വന്നാൽ സുപ്രധാനസ്ഥാനങ്ങളിലേക്ക് നിശ്ചയിക്കപ്പെടുന്നതെന്ന കെസിയുടെ വാക്കുകൾ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം അതുപോലെ അണികൾക്കും ഒരുപോലെ ആവേശമാവുന്നതാണ്. 

സീറ്റ് ലഭിക്കാതെ പോയതിൽ വിഷമിക്കുന്നവർക്ക് ഒരു പോലെ ആശ്വാസവും കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് വിരാമവും ഇടാൻ കഴിയുന്ന വാക്കുകളാണവ. സ്ഥാനാർത്ഥിത്തിന് അവകാശവാദം ഉന്നയിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു. അത് ലഭിക്കാതെ വന്നപ്പോൾ അവർ മനോവിഷമം ഉണ്ടായിട്ടുണ്ടെന്നത് നേതൃത്വം വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കെസി വേണുഗോപാലിന്റെ വാക്കുകൾ. 

'കോൺഗ്രസിൽ അർഹതപ്പെട്ട ഒരുപാട് പേരുണ്ട്. അതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച പേരുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസിന്റെ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. പത്ത് വർഷത്തെ ഇടത് ഭരണം അവസാനിപ്പിക്കാനുള്ള തെരഞ്ഞെടുപ്പാണിത്.അത് മനസിൽ വെച്ചാണ് സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തത്. സ്ഥാനാർത്ഥിയാകാൻ കഴിയാത്തവർ അതിന്റെ പ്രയാസങ്ങൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. 

ആ പ്രയാസങ്ങൾ ഉൾക്കൊണ്ട് തന്നെ അവർ പാർട്ടിയെ സഹായിക്കാനായി രംഗത്തുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്'സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി കേരളത്തിലെത്തിയ കെസി വേണുഗോപാലിന്റെ ആദ്യ പ്രതികരണം. യുഡിഎഫിന്റെ സർക്കാർ അധികാരത്തിൽ വരുമ്പോൾ അർഹമായ പരിഗണന നൽകുമെന്ന നേതൃത്വത്തിന്റെ ഉറപ്പ് സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടവർക്കും ആശ്വാസവും കരുതലുമാണ് സമ്മാനിക്കുന്നത്. 

പത്തുവർഷം ഭരണം നടത്തിയ എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്തിറക്കുക എന്നതാണ് യുഡിഎഫും അതുപോലെ കോൺഗ്രസും ഒരുപോലെ ലക്ഷ്യം വെക്കുന്നത്. വിമത സ്ഥാനാർത്ഥികളുടെ ശല്യങ്ങൾക്കിടയിലും ജാതിമത രാഷ്ട്രീയ സമവാക്യങ്ങൾക്ക് അനുസൃതമായി മികച്ചൊരു സ്ഥാനാർത്ഥി നിർണയം നടത്താൻ സാധിച്ചത് എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ വിജയം കൈവരിക്കാൻ കെ.സി. വേണുഗോപാലിന് കഴിഞ്ഞിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. 

ശബരിമല സ്വർണ്ണകൊള്ള വിഷയത്തിൽ സർക്കാരിനെ പ്രതിരോധിക്കാൻ സാധിച്ചതും, അക്കാര്യങ്ങൾ ഭരണപക്ഷത്തിനെതിരായ വോട്ടായി മാറ്റാനും കോൺഗ്രസിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. പത്തു വർഷം ഇടതുമുന്നണി സർക്കാർ നടത്തിയ എല്ലാ കൊള്ളരുതായ്മകളും അഴിമതിയും ജനങ്ങളുടെ മുന്നിലെത്തിക്കാൻ യുഡിഎഫിനും കോൺഗ്രസിനും സാധിച്ചു എന്നും അതെല്ലാം വോട്ടായി മാറുമെന്നും ഉറപ്പാണ്. 

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ സ്ത്രീ ജനങ്ങൾക്ക് മുഴുവൻ പ്രയോജനമാകുന്ന കെഎസ്ആർടിസിയിലെ  സൗജന്യ യാത്രയും, ക്ഷേമ പെൻഷൻ വർദ്ധനവുമെല്ലാം വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം. കെഎസ്ആർടിസി വിഷയം തെറ്റിധരിപ്പിക്കാൻ എൽഡിഎഫും സിപിഎമ്മും ബിജെപിയും ഒരേ അടവുകൾ പയറ്റുമ്പോൾ ഈ പദ്ധതികൾ വിജയകരമായി നടപ്പാക്കിയ കർണാടക തെലുങ്കാന സംസ്ഥാനങ്ങൾ ഭരിക്കുന്നത് കോൺഗ്രസ് ആണ്. അവിടെ നടപ്പാക്കിയ ഈ പദ്ധതി വിജയ മാക്കുക മാത്രമല്ല രാജ്യത്തൊട്ടാകെ ഒരു മാതൃക സൃഷ്ടിക്കുകയാണ് ചെയ്തത്. ആ കാരണം തന്നെയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മുൻപന്തിയിൽ ഈ വിഷയം കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞത്. യുഡിഎഫുമായി നടത്തിയ ചർച്ചകളിൽ ഘടകകക്ഷികളുടെ പൂർണ്ണപിന്തുണയും ഇതിനായി ലഭിച്ചു. 

പാലക്കാട് ഉൾപ്പെടെ നിരവധി മണ്ഡലങ്ങളിൽ സിപിഎം ബിജെപി ബാധവും തെളിയിക്കുന്ന നിരവധി ഡീലുകളാണ് നടന്നിരിക്കുന്നത്. ഇക്കാര്യങ്ങൾ ഇന്നു മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥി നിർത്തുന്നത് വഴി ആ മണ്ഡലത്തിൽ നിന്നും സിപിഎമ്മിന്റെ വോട്ട് ബിജെപിക്ക് നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ഈ ഡീൽ മൂന്നു നാല് മണ്ഡലങ്ങളിൽ നടപ്പാക്കാനും അവർ തമ്മിൽ ധാരണയായതായി വ്യക്തമായി കഴിഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ കൃത്യമായ ആസൂത്രണ മികവോടെ ഒത്തൊരുമയോടെ യുഡിഎഫ് പ്രവർത്തകർ പ്രചാരണത്തിനിറങ്ങിയാൽ അവിടെയെല്ലാം വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്.