വർഗീയ ധ്രുവീകരണ നീക്കത്തിന് കേരളമെന്ന വിസ്മയം നൽകിയ മഹാപ്രഹരം : പി. മുജീബ് റഹ്മാൻ 

മലയാളിയെ സാമുദായികവും വർഗീയവുമായി ധ്രുവീകരിച്ച് അധികാരത്തുടർച്ച ഉറപ്പുവരുത്താനുള്ള ഇടതുപക്ഷ മുന്നണിയുടെ കുടിലതന്ത്രത്തിന് സൗഹാർദത്തിനും പാരസ്പര്യത്തിനും ഇമവെട്ടാതെ കാവൽ നിന്ന
 

 കോഴിക്കോട്: മലയാളിയെ സാമുദായികവും വർഗീയവുമായി ധ്രുവീകരിച്ച് അധികാരത്തുടർച്ച ഉറപ്പുവരുത്താനുള്ള ഇടതുപക്ഷ മുന്നണിയുടെ കുടിലതന്ത്രത്തിന് സൗഹാർദത്തിനും പാരസ്പര്യത്തിനും ഇമവെട്ടാതെ കാവൽ നിന്ന കേരളമെന്ന വിസ്മയം നൽകിയ മഹാപ്രഹരമാണ് നിയമസഭാ തെരഞെടുപ്പ് ഫലമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. ഏതെങ്കിലും സമുദായത്തെയോ വിഭാഗങ്ങളെയോ പൈശാചികവൽക്കരിച്ചും അപരസ്ഥാനത്ത് നിർത്തിയും താല്പര്യങ്ങൾ നേടിയെടുക്കാൻ ഇനിയാരും തലയുയർത്തിപ്പോകരുതെന്ന താക്കീതാണിതെന്നും അദ്ദേഹം പറഞ്ഞു.

വികസനമോ ജനക്ഷേമ പ്രവർത്തനങ്ങളോ നടക്കാത്ത ഭരണമല്ല കഴിഞ്ഞുപോയത്. അധികാരമുറപ്പിക്കാനുള്ള വികസനക്ഷേമ പ്രവർത്തനങ്ങൾ കഴിഞ്ഞ അഞ്ച് വർഷം നടന്നിട്ടുണ്ട്. പക്ഷെ, അതിനപ്പുറം ഭരണം ജനങ്ങളുടെ സമാധാന സൌര്യ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നും ഭാവിയെ അതെങ്ങെനെ അപകടപ്പെടുത്തുമെന്നുമാണ് കേരളം ആലോചിച്ചത്.

ജനം നൽകിയ അധികാരത്തിലേക്ക് വരുന്ന മുന്നണിക്ക് വലിയ കടപ്പാടുണ്ട്. പ്രതീക്ഷയ്ക്കൊത്ത് അഞ്ച് വർഷം കേരളത്തെ നയിക്കാൻ ബാധ്യതയുണ്ട്. സമൂഹത്തിലും ഭരണത്തിന്റെ ഇട നാഴികകളിലും ഇരുപ്പുറപ്പിച്ച വംശീയതയുടെയും ജാതീയതയുടെയും വർഗീയതയുടെയും വേരുകൾ പിഴുതെടുക്കുക വലിയ ദൗത്യമാണ്. അധികാരത്തർക്കങ്ങളുടെ ഗ്രൂപ്പിസത്തിന്റെയും അഴുകിയ വിഴുപ്പലക്കലുകളിൽ മുഴുകി ജനത്തെ വെയിലത്തു നിർത്താതിരിക്കാൻ മുന്നണിയും നേതാക്കളും ജാഗ്രത കാണിക്കണം. വികസനവും ക്ഷേമ പ്രവർത്തനങ്ങളും ഔദാര്യമല്ല, ബാധ്യതയാണെന്ന തിരിച്ചറിവുണ്ടാവണം.

തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും പാഠമുൾക്കൊള്ളാൻ സി.പി.എം നേതൃത്വം നൽകുന്ന മുന്നണി തയാറാവണം. കേരളത്തിന്റെ മത, ജാതി നിരപേക്ഷ അന്തരീക്ഷം നിലനിർത്തുന്നതിലും വിമർശനമുണ്ടെങ്കിലും 'കേരള മാതൃക'യുടെ രൂപപ്പെടലിലും തുടർച്ചയിലും ആശയപരമായും പ്രയോഗികമായും വലിയ പങ്ക് വഹിച്ച വിഭാഗമാണ്. കേരളത്തിന്റെ നിലനിൽപിന് ആ സാന്നിധ്യം ഇനിയും അനിവാര്യമാണ്. ഇടതുപക്ഷ തത്വങ്ങളിൽ നിന്നും വൃതിചലിച്ച്, കേരളത്തിനെ സംഘ്പരിവാറിന് കാഴ്ചവെയ്ക്കാവുന്ന വിധം ഹിന്ദുത്വ വഴികളിലൂടെ സഞ്ചരിക്കാനുള്ള വഴിവിട്ട നീക്കമാണ് ജനം പ്രതിരോധിച്ചത്. തെറ്റുതിരുത്താനുള്ള ആർജവമാണ് ആരെയും സമകാലികരാക്കുക -അദ്ദേഹം പറഞ്ഞു.