‘ഒരേയൊരു ലക്ഷ്യം മാത്രം…’ പിണറായി വിജയനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത് വൈറൽ
ഒരു സ്വകാര്യ സംഭാഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യം പങ്കുവച്ച് എഴുത്തുകാരന്‍ പി വി ഷാജികുമാര്‍. കേരള പച്ച എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. അഭിമുഖത്തിലെ പ്രസ്തുത ഭാഗം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.
മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് താന്‍ അദ്ദേഹത്തെ കണ്ടതെന്നും വായനയും രാഷ്ട്രീയവുമൊക്കെ സംസാരിക്കുന്നതിനിടെയാണ് പിണറായി വിജയനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം അദ്ദേഹം പറഞ്ഞതെന്നും ഷാജികുമാര്‍ പറയുന്നു.
“ഉണ്ട എന്ന സിനിമയുടെ ലൊക്കേഷന്‍ കാസര്‍ഗോഡ് ആയിരുന്നു. ഞാന്‍ കാസര്‍ഗോഡ് എത്തിയപ്പോള്‍ മമ്മൂക്ക അവിടെയുണ്ടെന്ന് അറിഞ്ഞ് വെറുതെ ഒരു മെസേജ് അയച്ചു. നീ ഇങ്ങോട്ട് വാ എന്ന് അദ്ദേഹം പറഞ്ഞു. മമ്മൂക്കയ്ക്ക് അന്ന് ഷൂട്ട് ഇല്ല. വേറെ പലര്‍ക്കും ഷൂട്ട് ഉണ്ട്. മമ്മൂക്കയ്ക്ക് ഇല്ല. ബേക്കലിലെ ഒരു ഹോട്ടലിലാണ് മമ്മൂക്ക ഉണ്ടായിരുന്നത്. ഞാന്‍ അവിടേക്ക് പോയി.
രാഷ്ട്രീയവും സാഹിത്യവുമൊക്കെ സംസാരിക്കുന്നത് മമ്മൂക്കയ്ക്ക് ഇഷ്ടമാണ്. പലതും സംസാരിച്ചു. പുതിയ പുസ്തകങ്ങള്‍ എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചു. അങ്ങനെ പറഞ്ഞ് പറഞ്ഞ് രാഷ്ട്രീയത്തില്‍ എത്തി. എന്താണ് നിന്‍റെ രാഷ്ട്രീയം എന്ന് ചോദിച്ചു. ഇടതുപക്ഷം എന്ന് ഞാന്‍ പറഞ്ഞു. മമ്മൂക്ക സിഎമ്മുമായി ഭയങ്കര അടുപ്പമാണല്ലോ എന്ന് ഞാന്‍ ചോദിച്ചു”. ഷാജികുമാര്‍ പറയുന്നു.
“മമ്മൂക്ക ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു, എടാ സിഎമ്മിന്‍റെ ഒരു സംഭവം എന്ന് വച്ചാല്‍ പുള്ളിക്ക് ഒരേയൊരു ആഗ്രഹമേ ഉള്ളൂ. സിംഗപ്പൂര്‍ പോലെ കേരളത്തെ വികസനത്തിന്‍റെ ഒരു വലിയ നാടാക്കി മാറ്റണം. എന്‍റെ നാട് ഒരു വലിയ നാടായി മാറണം എന്ന ഒറ്റ വിചാരമേ ഉള്ളൂ പുള്ളിക്ക്. അത് പറയുമ്പോള്‍ മമ്മൂക്കയുടെ കണ്ണുകളില്‍ ഭയങ്കര തിളക്കം ആയിരുന്നു. അത്രയും ആത്മാര്‍ഥതയോടെ ഒരു ഭരണാധികാരി ആഗ്രഹിക്കുന്നു. ആ ആഗ്രഹം കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നയാള്‍ അനുഭവിക്കുന്ന ആനന്ദം അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു”, പി വി ഷാജികുമാര്‍ പറയുന്നു. പിണറായി വിജയനെക്കുറിച്ചുള്ള തന്‍റെ വ്യക്തിപരമായ അഭിപ്രായവും ഷാജികുമാര്‍ പറയുന്നു- “നാട് നന്നാക്കണം എന്ന് മാത്രം ആഗ്രഹിക്കുന്ന ഒരാള്‍ ആയിട്ടാണ് ഞാന്‍ സിഎമ്മിനെ കാണുന്നത്. കാരണം കഴിഞ്ഞ പത്ത് വര്‍ഷം പലതരം ആരോഗ്യപ്രശ്നങ്ങളിലൂടെയും വാര്‍ധ്യക്യത്തിന്‍റേതായ പ്രയാസങ്ങളിലൂടെ പോവുമ്പോഴും നാടിനുവേണ്ടി അടി പതറാതെ നില്‍ക്കുക എന്ന് പറയുന്ന ഒരു പരിപാടി സിഎമ്മിന് ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്”, പി വി ഷാജികുമാര്‍ പറഞ്ഞവസാനിപ്പിക്കുന്നു.