രാഷ്ട്രീയ പ്രവർത്തകരുടെ വിരൽ അടയാളമടക്കമുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് കാടത്തം ; വിമർശനവുമായി കെ.കെ. രാഗേഷ്
ശ്രീകണ്ഠപുരത്തും ജില്ലയിലെ വിവിധ ഭാഗങ്ങളിലും രാഷ്ട്രീയ പ്രവർത്തകരെ ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിരലടയാളം ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്ന പൊലീസ് നടപടിക്കെതിരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.
ഇത്തരം നടപടി കാടത്തമാണെന്നും കൊടുംക്രിമിനലുകളുടെ കാര്യത്തിൽ മാത്രം സ്വീകരിക്കുന്ന നടപടികൾ സാധാരണ രാഷ്ട്രീയ പ്രവർത്തകരോട് പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കണ്ണൂർ: ശ്രീകണ്ഠപുരത്തും ജില്ലയിലെ വിവിധ ഭാഗങ്ങളിലും രാഷ്ട്രീയ പ്രവർത്തകരെ ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിരലടയാളം ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്ന പൊലീസ് നടപടിക്കെതിരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഇത്തരം നടപടി കാടത്തമാണെന്നും കൊടുംക്രിമിനലുകളുടെ കാര്യത്തിൽ മാത്രം സ്വീകരിക്കുന്ന നടപടികൾ സാധാരണ രാഷ്ട്രീയ പ്രവർത്തകരോട് പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ശ്രീകണ്ഠപുരം ഉൾപ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സമീപകാലത്ത് പലതരത്തിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഗൗരവതരമായ കേസുകളിൽ പൊലീസ് കടുത്ത നടപടി സ്വീകരിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ സാധാരണ അടിപിടി കേസുകളിലും മറ്റും പ്രതിചേർത്ത സിപിഐ എം പ്രവർത്തകരെ മാത്രം ഏകപക്ഷീയമായി ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി കൈയടയാളം, കണ്ണിന്റെ അടയാളം തുടങ്ങിയവ പകർത്തുന്നത് ആദ്യത്തെ സംഭവമാണെന്ന് കെ.കെ. രാഗേഷ് ആരോപിച്ചു. ഇതിനായി നിരവധി പ്രവർത്തകരോട് ഡിവൈഎസ്പി ഓഫീസിൽ എത്താൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീകണ്ഠപുരത്തെ സംഘർഷവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർക്കെതിരെ പൊലീസ് ചെറുവിരൽ പോലും അനക്കുന്നില്ലെന്നും അതേസമയം സിപിഐ എം പ്രവർത്തകരോട് കൊടുംക്രിമിനലുകളോട് പെരുമാറുന്നതുപോലെയാണ് പെരുമാറുന്നതെന്നും രാഗേഷ് വിമർശിച്ചു. ഇത്തരം പൊലീസ് രാജ് യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണോ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് ഇത്തരം നടപടികൾ തുടർന്നാൽ കാഴ്ചക്കാരായി നോക്കിനിൽക്കില്ലെന്നും കെ.കെ. രാഗേഷ് മുന്നറിയിപ്പ് നൽകി.