'മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പ്, പരസ്യമായി മാപ്പ് പറയണം'; ജലോത്സവം ഫാന്‍സ്

അവധി പ്രഖ്യാപിക്കാത്തതല്ല വിഷയമെന്നും മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനും ധിക്കാരത്തിനുമെതിരെയാണ് പ്രതിഷേധമെന്നും വള്ളംകളി ആരാധകര്‍ പറയുന്നു.

 

വള്ളംകളി ദിവസം കുട്ടനാട്ടില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ പരിഹസിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം.

ചമ്പക്കുളം മൂലം വള്ളംകളി അവധി വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് മൂലം ജലോത്സവം ഫാന്‍സ്. വള്ളംകളി ദിവസം കുട്ടനാട്ടില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ പരിഹസിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. അവധി പ്രഖ്യാപിക്കാത്തതല്ല വിഷയമെന്നും മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനും ധിക്കാരത്തിനുമെതിരെയാണ് പ്രതിഷേധമെന്നും വള്ളംകളി ആരാധകര്‍ പറയുന്നു.

ഡിവൈഎഫ്ഐ തകഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വള്ളം തുഴഞ്ഞ് പ്രതിഷേധിക്കും. ഇന്നലെ മൂലം ജലോത്സവം ഫാന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വി ഡി സതീശന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. വള്ളം കളി നടക്കുന്ന തിങ്കളാഴ്ച കുട്ടനാടിന് പ്രാദേശിക അവധി നല്‍കണമെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ഔദ്യോഗികമായി മറുപടി നല്‍കിയ മുഖ്യമന്ത്രി സീറ്റിലിരുന്ന ശേഷം ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. മൈക്ക് ഓഫ് ആണെന്ന് കരുതിയായിരുന്നു മുഖ്യമന്ത്രിയുടെ അടക്കം പറിച്ചില്‍.