സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
സിഎംആർഎൽ–എക്സാലോജിക് കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നുവെന്നും ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് അനുസരിച്ച് എഫ്ഐആർ ഇട്ട് കേസ് റജിസ്റ്റർ ചെയ്തതായി സർക്കാരും ഇഡിയും കോടതിയെ അറിയിച്ചു.
ഇഡി സർക്കാരിന് കൈമാറിയത് ഒരു റിപ്പോർട്ട് മാത്രമാണെന്നും സാക്ഷിമൊഴികളോ മറ്റ് അനുബന്ധ രേഖകളോ നൽകിയിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്നും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനുള്ളതെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഇഡി നൽകിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.
അതേസമയം, പിണറായിക്കെതിരെ എഫ്‌ഐആർ ഇട്ടതിൽ പ്രശ്‌നം എന്തെന്ന ചോദ്യം ഹൈക്കോടതി ആവർത്തിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധി ഇല്ലെങ്കിലും എഫ്ഐആർ ഇടാമല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ ലഭിച്ച തെളിവുകൾ കേസെടുക്കാൻ തൃപ്തികരമല്ലായിരുന്നുവെന്ന് സർക്കാർ മറുപടി നൽകി.പിണറായി വിജയൻ അടക്കമുള്ള പ്രതികളുടെ ഹർജിയെ ഇഡി ശക്തമായി എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം.
ഹർജിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന വ്യക്തിയായി കാണാനാവില്ലെന്നും സർക്കാരും മറ്റ് എതിർകക്ഷികളും കോടതിയിൽ വാദിച്ചു. മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ഷാജഹാൻ നേരത്തെ പ്രതികൂല പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും പിന്നീട് മാപ്പപേക്ഷിച്ച് നടപടികളിൽനിന്ന് ഒഴിവായെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഷാജഹാൻ സമർപ്പിച്ച ഹർജി പൊതുതാൽപര്യ ഹർജിയാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നുവെന്നും ഹൈക്കോടതി രജിസ്ട്രിയും ഹർജിയിൽ എതിർപ്പുയർത്തിയിരുന്നുവെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരെ നിയമനടപടി ആവശ്യപ്പെടുന്നതിന് മുമ്പ് ഷാജഹാൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നില്ലെന്നും എതിർകക്ഷികൾ വാദിച്ചു. അപ്പീൽ അനുമതി അപേക്ഷയിൽ കോടതി പിന്നീട് തീരുമാനം അറിയിക്കും. സിംഗിൾ ബെഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ നൽകാൻ കോടതി വിസമ്മതിച്ചു. നടപടിക്രങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.