മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം; വെല്ലുവിളിക്കുന്ന മന്ത്രിമാരെ പുറത്താക്കണമെന്ന് ജി. സുധാകരൻ

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾക്കും ഭിന്നതകൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരുണ്ടെങ്കിൽ അപ്പോൾ തന്നെ പുറത്താക്കണമെന്നും, അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കി മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

 

ആലപ്പുഴ: യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾക്കും ഭിന്നതകൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരുണ്ടെങ്കിൽ അപ്പോൾ തന്നെ പുറത്താക്കണമെന്നും, അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കി മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

"മൂന്ന് എംഎൽഎമാർ മാത്രമുള്ള പാർട്ടി പറയുന്നു അടുത്ത തവണ ഞങ്ങൾ വരുമെന്ന്. എന്നാലും തമ്മിലടി നിർത്തില്ല. എന്തിനാണ് തല്ലുന്നത്? അനാവശ്യമാണ്, ഞാനാണ് വലുതെന്ന് കാണിക്കാനുള്ള ശ്രമം. അതൊന്നും ശരിയല്ല. നല്ലൊരു ഭരണം ഇവിടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ജനം പുതിയ സർക്കാരിനെ തെരഞ്ഞെടുത്തത്. അത് ഇപ്പോഴും ഇല്ലെന്നൊന്നും ഞാൻ പറയുന്നില്ല. മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം," സുധാകരൻ പറഞ്ഞു.

മന്ത്രിസഭയിലെ അംഗങ്ങളുടെ നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. "മന്ത്രിമാരിൽ കൊള്ളാത്തവരുണ്ടെങ്കിൽ അപ്പോൾ തന്നെ മാറ്റിയേക്കണം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റ മന്ത്രിയും കസേരയിൽ ഇരിക്കാൻ പാടില്ല. അത് ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാന മന്ത്രിസഭയോ കേന്ദ്ര മന്ത്രിസഭയോ ആയിക്കൊള്ളട്ടെ, മന്ത്രിമാരുടെ ലിസ്റ്റ് മുഖ്യമന്ത്രി ഗവർണർക്കോ പ്രധാനമന്ത്രി പ്രസിഡന്റിനോ ഏൽപ്പിക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നത്. ആ ലിസ്റ്റ് കൊടുക്കാതെ ആരും മന്ത്രിയാകില്ല. മുഖ്യമന്ത്രിയുടെ വിശ്വാസമാർജിച്ചവരാണ് മന്ത്രിമാരാകുന്നത്. പാർട്ടി തീരുമാനിച്ചാലും മുഖ്യമന്ത്രിയുടെ വിശ്വാസത്തിനാണ് ഭരണഘടന പ്രാധാന്യം നൽകുന്നത്. ആ മുഖ്യമന്ത്രിക്കെതിരെ വരുന്നത് എത്ര ഉന്നതനായ മന്ത്രി ആയാലും, അയാളെ മാറ്റി പുതിയ ആളെ വയ്ക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്," അദ്ദേഹം വ്യക്തമാക്കി.

ചില എംപിമാർ സംസ്ഥാന മന്ത്രിയാകാൻ ശ്രമിക്കുന്നതിനെയും സുധാകരൻ പരിഹസിച്ചു. "ഓരോരുത്തർ സ്വന്തം അഭിപ്രായ പ്രകാരം ഓരോന്ന് പറയുകയാണ്. പാർലമെന്റിൽ ഇരിക്കുന്ന എംപി സംസ്ഥാന മന്ത്രിയാകണം എന്നൊക്കെ പറയുന്നത് എന്ത് അസംബന്ധമാണ്. സംസ്ഥാന അസംബ്ലിയേക്കാൾ വലുതാണ് പാർലമെന്റ് എന്ന തിരിച്ചറിവ് വേണം," സുധാകരൻ കൂട്ടിച്ചേർത്തു.