മുഖ്യമന്ത്രിയുടെ വീടിന് പൊലിസ് സുരക്ഷ കൂട്ടി : പിണറായിയിലെ  ബോംബെറില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

മുഖ്യമന്ത്രിയുടെ വീടിന് പൊലിസ് സുരക്ഷ കൂട്ടി : പിണറായിയിലെ  ബോംബെറില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി
 

കണ്ണൂര്‍ : പിണറായിയില്‍ ബോംബേറ് നടന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാല മുക്കിലുള്ള വീടിന്റെ സുരക്ഷ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവിന്റെ നിര്‍ദ്ദേശപ്രകാരം കൂട്ടി.ഇനി മുതല്‍ കനത്തസുരക്ഷയാണ് മുഖ്യമന്ത്രിയുടെ വീട്ടിലും പരിസരത്തുമുണ്ടാവുക. പിണറായി പൊലിസിനാണ് സുരക്ഷാ ചുമതല.

ഇതിനിടെ ന്യൂമാഹി പുന്നോലിലെ സി.പി. എം പ്രവര്‍ത്തകന്‍ ഹരിദാസ് വധക്കേസിലെ പ്രതി നിജില്‍ദാസ് ഒളിവില്‍ താമസിച്ച വാടക വീടിനു നേരെ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ബോംബെറും അക്രമവും നടത്തിയ കേസിലെ പ്രതികള്‍ക്കായി പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അണ്ടലൂര്‍ സ്വദേശി പ്രശാന്തന്റെ ഉടമസ്ഥതിയിലുള്ളതാണ് വീട്.

പ്രശാന്തന്റെ ഭാര്യയും അധ്യാപികയുമായ രേഷ്മയെ പൊലിസ് കൊലക്കേസ് പ്രതിയെ ഒളിച്ചു താമസിക്കാന്‍ സഹായിച്ചതിന് അറസ്റ്റു ചെയ്യുകയും പിന്നീട് കോടതി ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.