രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ നേടിയ അട്ടിമറി വിജയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസ്, നിര്‍ണായക ഘട്ടങ്ങളില്‍ ബി ജെ പിക്ക് വിജയവഴി തുറന്നുകൊടുക്കുന്ന രാഷ്ട്രീയമാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നത്.

 

ഒഡീഷയില്‍ ക്രോസ് വോട്ടിംഗിലൂടെയും ബിഹാറില്‍ മൂന്ന് എം എല്‍ എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിലൂടെയും എന്‍ ഡി എക്ക് അധിക സീറ്റ് ലഭിച്ചെന്ന് പിണറായി ചൂണ്ടിക്കാട്ടി. 

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ നേടിയ അട്ടിമറി വിജയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് എന്നും ബിജെപിയെ സഹായിക്കുകയണെന്നും ആ പാര്‍ട്ടി സംഘപരിവാറിന്റെ ബി ടീമായി മാറിയെന്നും പിണറായി വിമര്‍ശിച്ചു. ഒഡീഷയില്‍ ക്രോസ് വോട്ടിംഗിലൂടെയും ബിഹാറില്‍ മൂന്ന് എം എല്‍ എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിലൂടെയും എന്‍ ഡി എക്ക് അധിക സീറ്റ് ലഭിച്ചെന്ന് പിണറായി ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രിയുടെ കുറിപ്പ്
രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്. ബി ജെ പിയെ എതിര്‍ക്കുന്നു എന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളോട് വോട്ട് ചോദിക്കുന്ന കോണ്‍ഗ്രസ്, നിര്‍ണായക ഘട്ടങ്ങളില്‍ ബി ജെ പിക്ക് വിജയവഴി തുറന്നുകൊടുക്കുന്ന രാഷ്ട്രീയമാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നത്. ഒഡീഷയില്‍ ബി ജെ പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് ക്രോസ് വോട്ടിംഗ് വഴിയൊരുങ്ങി. ബി ജെ പിയെ തടയുമെന്ന് പ്രഖ്യാപിക്കുന്ന പാര്‍ടി തന്നെയാണ് പിന്നാമ്പുറത്തില്‍ ബി ജെ പിക്ക് അനുകൂല സാഹചര്യം ഒരുക്കിയത്. ബീഹാറില്‍ കണ്ടത് ഇതിലും തുറന്ന രാഷ്ട്രീയകാപട്യമാണ്. മഹാസഖ്യത്തിന്റെ വിജയഗണിതം ഉറപ്പിക്കേണ്ട സമയത്ത് കോണ്‍ഗ്രസിലെ മൂന്ന് എം എല്‍ എമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. അതോടെ ബി ജെ പി നയിക്കുന്ന എന്‍ ഡി എക്ക് അനുകൂല സാഹചര്യം രൂപപ്പെട്ടു. ബി ജെ പിയുടെ രാജ്യസഭയിലെ അംഗബലം വര്‍ധിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ''സഹായം'' വീണ്ടും നിര്‍ണായകമായി. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. വിവിധ സംസ്ഥാനങ്ങളില്‍ എം എല്‍ എമാരുടെ രാജിയും ക്രോസ് വോട്ടിംഗും രാഷ്ട്രീയ കള്ളക്കളികളും വഴി ബി ജെ പിക്ക് അധിക രാജ്യസഭാ സീറ്റുകള്‍ ലഭിക്കാന്‍ സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത് കോണ്‍ഗ്രസാണ്. 2024 ല്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റില്‍ ബി ജെ പി വിജയിച്ചത് നമ്മള്‍ കണ്ടതാണ്. ഇത്തവണ ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക സീറ്റ് കോണ്‍ഗ്രസ്സിനു ജയിക്കാനായത് അവിടെ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സഹായിച്ചതുകൊണ്ടു മാത്രമാണ്. മുദ്രാവാക്യങ്ങളില്‍ ബിജെപി വിരുദ്ധത, പ്രവര്‍ത്തിയില്‍ ബി ജെ പിക്ക് കൈത്താങ്ങ്- ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം. ബി ജെ പിയ നിര്‍ലജ്ജം സഹായിക്കുന്ന കോണ്‍ഗ്രസ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ നേതാവാണെന്ന് സ്വയം അവകാശപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ പരിഹസിക്കുന്നതാണ്. ബി ജെ പിയുടെ ബി ടീം ആരാണ് എന്ന ചോദ്യമുയരുന്നത് ഈ സാഹചര്യത്തിലാണ്. കോണ്‍ഗ്രസല്ലെങ്കില്‍ പിന്നെ ആരാണ് അത്?