ബാഗിന്റെ ഭാരം കുറയ്ക്കും, 'ബാക്ക് ബെഞ്ചേഴ്സ്' ഇല്ലാത്ത ക്ലാസ് മുറികള്‍ ; പുതിയ അധ്യയന വര്‍ഷം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മന്ത്രി കുറിച്ചു.
വിദ്യാര്‍ത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിക്കുക
പൊതുവിദ്യാഭ്യാസ രംഗത്ത് നിര്‍ണായകമായ മാറ്റങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുകയും 'ബാക്ക് ബെഞ്ചേഴ്സ്' ഇല്ലാത്ത ക്ലാസ് മുറികള്‍ സൃഷ്ടിക്കുകയും ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാലയങ്ങളെ കൂടുതല്‍ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള രണ്ട് സുപ്രധാന നിര്‍ദ്ദേശങ്ങളുടെ കരട് റിപ്പോര്‍ട്ടിന് ഇന്ന് ചേര്‍ന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയതായി മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വിദ്യാര്‍ത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിക്കുക. എല്ലാ കുട്ടികള്‍ക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുക, ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തി ആരും പിന്നിലല്ല എന്ന ഉറപ്പ് നല്‍കുക എന്നിവയാണ് 'ബാക്ക് ബെഞ്ചേഴ്സ്' ഇല്ലാത്ത ക്ലാസ് മുറികളിലൂടെ നടപ്പാക്കുന്നത്.
ഈ വിഷയങ്ങള്‍ പഠിക്കാന്‍ നേരത്തെ എസ്സിഇആര്‍ടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തതെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ അഭിപ്രായം വലുതാണെന്നും അംഗീകാരം ലഭിച്ച കരട് റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അഭിപ്രായമാരായുന്നതിനായി എസ്സിഇആര്‍ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് വരുന്ന അധ്യയന വര്‍ഷം തന്നെ ഈ മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മന്ത്രി കുറിച്ചു.