ക്ലാസ് മുറിയിലെ വെടിവയ്പ് ; വിദ്യാര്‍ത്ഥിയുടെ മാതാവിനെതിരെ കേസ് ; തോക്കിന്റെ ഉറവിടം അന്വേഷിച്ച് പൊലീസ്

വെടിയുണ്ട തോളിനും കൈയ്ക്കുമിടയില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

വീട്ടില്‍നിന്ന് പഴയ തോക്കുമായി എത്തിയ വിദ്യാര്‍ഥി സഹപാഠികള്‍ക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു.

തൃത്താല പരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സഹപാഠി കൊണ്ടുവന്ന തോക്കില്‍നിന്ന് വെടിയേറ്റ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് പരുക്കേറ്റു. നവംബര്‍ 24ന് രാവിലെ 11.45ഓടെയാണ് സംഭവം. വീട്ടില്‍നിന്ന് പഴയ തോക്കുമായി എത്തിയ വിദ്യാര്‍ഥി സഹപാഠികള്‍ക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയുണ്ട തോളിനും കൈയ്ക്കുമിടയില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

വിദ്യാര്‍ഥി കൊണ്ടുവന്നത് മുത്തച്ഛന്റേതായിരുന്ന പഴയ നാടന്‍ നിര്‍മിത .22 റിവോള്‍വറാണെന്ന് പൊലീസ് കണ്ടെത്തി. ലൈസന്‍സില്ലാത്ത തോക്ക് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആയുധം പ്രവര്‍ത്തനക്ഷമമാണെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചു.

സംഭവത്തില്‍ തോക്ക് കൊണ്ടുവന്ന വിദ്യാര്‍ഥിയുടെ അമ്മയ്‌ക്കെതിരെ ആയുധനിയമപ്രകാരം പൊലീസ് കേസെടുത്തു.രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.