കളിയാക്കിയെന്ന് പറഞ്ഞ് ഇടുക്കി സര്‍ക്കാര്‍ സ്‌കൂളില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ ചൂരല്‍ കൊണ്ട് ക്രൂരമായി അടച്ചതായി പരാതി

സംഭവം അന്വേഷിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

 

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വണ്ടന്‍മേട് പൊലീസ് അന്വേഷണം തുടങ്ങി.

കളിയാക്കിയെന്ന് പറഞ്ഞ് ഇടുക്കി അണക്കര സര്‍ക്കാര്‍ സ്‌കൂളില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി. മുട്ടില്‍ നിര്‍ത്തിച്ച ശേഷം കാലില്‍ ചവിട്ടിയെന്നും ചൂരല്‍ കൊണ്ട് പലതവണ അടിച്ചെന്നും കുട്ടി പറയുന്നു. വിദ്യാര്‍ത്ഥി വണ്ടന്‍മേട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വണ്ടന്‍മേട് പൊലീസ് അന്വേഷണം തുടങ്ങി. ചൂരലു കൊണ്ട് അടിച്ചെന്നും മറ്റ് ഒരു രീതിയിലും മര്‍ദിച്ചിട്ടില്ല എന്നുമാണ് അധ്യാപകന്റെ വിശദീകരണം. സംഭവം അന്വേഷിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.


ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. തമിഴ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടിയെ അധ്യാപകന്‍ ശിവകുമാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. വടി ഒടിയുന്നതു വരെ തന്നെ അടിച്ചെന്ന് കുട്ടി പറഞ്ഞു. മകന്‍ വേദനിച്ചു കരയുകയായിരുന്നുവെന്നും കണ്ടപ്പോള്‍ വലിയ വിഷമമായെന്നും കണ്ണീരോടെ അമ്മ പറഞ്ഞു. ഉടനെ കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി. ഡോക്ടര്‍ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു.

അധ്യാപകന്‍ പറയുന്നത് ക്ലാസ്സില്‍ ഓടിനടന്ന കുട്ടിയോട് അടങ്ങിയിരിക്കാനും പുസ്തകം വായിക്കാനും ആവശ്യപ്പെട്ടപ്പോള്‍ കുട്ടി തന്നെ കളിയാക്കി കൊണ്ട് പുറത്തേക്ക് ഓടി എന്നാണ്. തിരിച്ചുവിളിച്ചു കൊണ്ടുവന്ന് മുട്ടിന് താഴെ രണ്ടടി കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് അധ്യാപകന്‍ പറഞ്ഞു. ക്ലാസ്സിലുണ്ടായിരുന്ന കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പിടിഎ കമ്മിറ്റി അംഗങ്ങള്‍ ഇന്ന് സ്‌കൂളില്‍ എത്തും.