തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് – എസ്എഫ്ഐ സംഘർഷം ; വ്യാഴാഴ്ച പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ
ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ യൂണിവേഴ്സിറ്റി കോളജിൽനിന്ന് കല്ലേറുണ്ടായതിനെ തുടർന്ന്
തിരുവനന്തപുരം; ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ യൂണിവേഴ്സിറ്റി കോളജിൽനിന്ന് കല്ലേറുണ്ടായതിനെ തുടർന്ന് തലസ്ഥാന നഗരം യുദ്ധക്കളമായി. യൂണിവേഴ്സ്റ്റി ഹോസ്റ്റലിൽനിന്ന് കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ എസ്എഫ്ഐക്കാർ കല്ലും കുപ്പികളും എറിഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കം.
കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരും തിരികെ കല്ലെറിഞ്ഞു. കോളജ് മതിൽ ചാടികടന്ന് ഫ്ലെക്സുകൾ നശിപ്പിച്ചു. ഈ സംഘർഷം പിന്നീട് പാളയം യൂണിവേഴ്സ്റ്റി ഹോസ്റ്റലിനു മുന്നിലേക്ക് വ്യാപിച്ചു. സംഘർഷത്തിൽ വിദ്യാർഥികൾക്കും പൊലീസിനും പരുക്കേറ്റു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയൻ സ്ഥലത്തെത്തി. ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടക്കാൻ ശ്രമിച്ചു. കല്ലേറ് രൂക്ഷമായതോടെ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
സംഘർഷത്തിനിടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. കൂടുതൽ എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തേക്കെത്തി. പ്രതിഷേധം കനത്തതോടെ പൊലീസ് ഹോസ്റ്റൽ കോംപൗണ്ടിലേക്ക് കയറി ലാത്തിവീശി. വിദ്യാർഥികളിൽ ചിലരുടെ തലപൊട്ടി. സംഘടിച്ചു വന്ന കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർ മനഃപൂർവം അക്രമം അഴിച്ചു വിട്ടതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് പറഞ്ഞു.
പൊലീസ് രാഷ്ട്രീയം കാണിച്ച് വിദ്യാർഥികളെ തല്ലിച്ചതയ്ക്കുകയാണെന്നും ഇതിനെല്ലാം പകരം ചോദിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് പറഞ്ഞു. ഗുണ്ടായിസം കാണിച്ച എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്യണമെന്ന് കെഎസ്‌യു േനതൃത്വം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംഘർഷ സ്ഥലത്തെത്തി. വി.ശിവൻകുട്ടി, പി.കെ.ശ്രീമതി അടക്കമുള്ള മുതിർന്ന നേതാക്കളും സ്ഥലത്തെത്തി. പൊലിസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച എസ്എഫ്ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു.