പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

 

പാലക്കാട്: പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. ലീഗ് കൗണ്‍സിലര്‍ സെയ്ദ് മീരാന്‍ ബാബു സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അധ്യക്ഷ അനുമതി നല്‍കാത്തതാണ് തര്‍ക്കത്തിന് കാരണം. അധ്യക്ഷക്ക് നേരെ പ്രതിഷേധം തുടര്‍ന്നപ്പോള്‍ പ്രതിരോധവുമായി എന്‍ ശിവരാജന്‍ നടുത്തളത്തില്‍ ഇറങ്ങി. കോണ്‍ഗ്രസ് പ്രതിനിധി മന്‍സൂറിനെയാണ് അധ്യക്ഷ ക്ഷണിച്ചത്. തര്‍ക്കം പരിഹരിക്കാന്‍ വന്ന മന്‍സൂറും ശിവരാജനും കയ്യാങ്കളിയുടെ വക്കിലെത്തി.

ലീഗ് കൗണ്‍സിലര്‍ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ചാണ് ശിവരാജന്‍ അടക്കമുള്ളവര്‍ നടുത്തളത്തിലിറങ്ങിയത്. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിലേക്ക് നീങ്ങിയത്. ഒരാള്‍ക്കും അവസരം നിഷേധിച്ചിട്ടില്ലെന്ന് അധ്യക്ഷ പ്രമീള ശശിധരന്‍ യോഗത്തില്‍ പറഞ്ഞു. പ്രത്യേക താത്പര്യം ആരോടുമില്ലെന്നും തുല്യ പരിഗണനയാണ് നല്‍കുന്നതെന്ന് അധ്യക്ഷ പറഞ്ഞു.

ലീഗ് കൗണ്‍സിലര്‍ തനിക്ക് സംസാരിച്ചേ മതിയാകൂ എന്ന് പറഞ്ഞ് നഗരസഭ അധ്യക്ഷക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ഭരണപക്ഷത്തുനിന്നുള്ളവര്‍ രംഗത്തെത്തിയതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. കോണ്‍ഗ്രസ് കൗണ്‍സിലറും എന്‍ ശിവരാജനും തര്‍ക്കത്തിലേക്ക് കടന്നു. രോക്ഷകുലനായാണ് ശിവരാജന്‍ പ്രതികരിച്ചത്. യോഗത്തില്‍ ഉന്തും തള്ളും ഉണ്ടായി.