പൗരാവകാശ രേഖയും ഫയൽ വിവരങ്ങളും ഓൺലൈനിൽ ലഭ്യമാക്കണം: വിവരാവകാശ കമ്മീഷണര്‍ 

 


പാലക്കാട് : സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അവര്‍ നല്‍കുന്ന സേവനങ്ങളും നിലവിലുള്ള ഫയലുകൾ,ഉത്തരവുക ൾ,സര്‍ക്കുലറുകൾ തുടങ്ങിയ വിവരങ്ങളും എല്ലാവർക്കും ഏതു നേരവും നെറ്റിലൂടെ ലഭ്യമാകാൻ ഉദ്യോഗസ്ഥർ സ്വയം പ്രസിദ്ധപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കീം നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം . സർക്കാർ ഓഫീസിൽ സ്ഥിരമായുള്ള വിവരങ്ങൾ പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നതുവരെ കാത്തിരിക്കാതെ ഓൺലൈനായി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ഗസ്റ്റ് ഹൗസില്‍  നടത്തിയ തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ കമ്മീഷന്‍ തെളിവെടുപ്പിന് പുതിയ സംവിധാനമായ ഹൈബ്രിഡ് മോഡ് ആരംഭിച്ചിട്ടുണ്ട്. തെളിവെടുപ്പില്‍ നേരിട്ട് ഹാജരാകാൻ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായോ നവമാധ്യമ സംവിധാനങ്ങള്‍ വഴിയോ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ പങ്കെടുക്കാന്‍ അവസരം നല്‍കുകയാണ് ലക്ഷ്യം. ഓരോ ഹിയറിംഗിനുമുമ്പും ബന്ധപ്പെടാനുള്ള ലിങ്ക് അറിയിക്കും. ഡിസംബർ 31 നകം ഈ സംവിധാനം പൂർണ്ണതോതിൽ നിലവിൽ വരും.

കമ്മിഷൻ ആരംഭിച്ചിട്ടുള്ള ആർ.ടി.ഐ. പോർട്ടൽ വഴി രണ്ടാം അപ്പീലും പരാതി ഹരജികളും ഫീസില്ലാതെ സമർപ്പിക്കാമെന്നും കമ്മിഷണർ അറിയിച്ചു.

ഓരോ ഓഫീസിലെയും വിവരാവാകാശ ഓഫീസര്‍മാരുടെയും ഒന്നാം അപ്പീലധികാരികളുടെയും പേരും ഔദ്യോഗിക വിലാസവും ഇ മെയില്‍ ഐ.ഡിയുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ സംസ്ഥാന വിവരാവകാശക്കമ്മീഷന് 15 ദിവസത്തിനകം ഓണ്‍ലൈനായി കൈമാറണം. ഇതിന്റെ പകര്‍പ്പ് പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറിക്കും ലഭ്യമാക്കണമെന്നും എ .എ. ഹക്കീം പറഞ്ഞു. 

വിവരാവകാശത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം മാറി പോകുമ്പോള്‍ ആ കാര്യവും പുതിയ ഓഫീസറുടെ വിവരവും അതത് സമയം കമ്മിഷനെ അറിയിക്കണമെന്നും കമ്മിഷണർ നിർദ്ദേശിച്ചു.                                                                                                                                                                                                     

പൊതുജനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവരാവകാശനിയമം നടപ്പാക്കുന്നതിൽ  സൗഹൃദ സമീപനം സ്വീകരിക്കണം. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കുന്ന കാര്യത്തില്‍ എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും സഹകരണം ഉണ്ടാകണം. മിക്ക ഓഫീസുകളില്‍ നിന്നും നിശ്ചിത സമയത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കാതെ 30 ദിവസം കഴിയാന്‍ കാത്തുനില്‍ക്കുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. അപേക്ഷ ലഭിച്ചാല്‍ ലഭ്യമായ വിവരങ്ങള്‍ എത്രയും വേഗം നല്‍കണം. 

വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത ചില അപേക്ഷകർക്കുണ്ടെന്നും ഇത് കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമത്തെ ഉദ്യോഗസ്ഥരുടെ സമയം ദുര്‍വിനിയോഗം ചെയ്യാനുള്ള ഉപാധിയായി കാണാതെ പൊതുജനങ്ങള്‍ ഗുണപ്രദമായി പ്രയോജനപ്പെടുത്തണമെന്നും കമ്മീഷണർ അഭ്യര്‍ത്ഥിച്ചു. 
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഇടുക്കി ജില്ലയില്‍ നടത്തിയ തെളിവെടുപ്പില്‍ വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും അപ്പീല്‍ ഹര്‍ജിക്കാരും പങ്കെടുത്തു. ഒമ്പത് ഫയലുകളാണ് കമ്മീഷന്‍ പരിഗണിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ കട്ടപ്പന നഗരസഭയില്‍ നിന്ന് കൃത്യമായ മറുപടി നല്‍കാതെ ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായ പരാതിയിൽ ഇവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.പൈനാവ് എം.ആര്‍.എസ് സ്‌കൂളിലെ മുന്‍ ജീവനക്കാരിയുടെ പരാതി, ദേവികുളം സപ്ലൈ ഓഫീസ് ആവശ്യമായ അന്വേഷണം നടത്താതെ പരേതന്റെ പേരില്‍ മൂന്ന് മാസത്തിന് ശേഷം റേഷന്‍കാര്‍ഡിൽ പേര് ചേർത്ത  സംഭവം തുടങ്ങിയവയില്‍ കര്‍ശന നടപടിക്കും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.