പാണ്ഡവൻ പാറ പൊട്ടിക്കുന്നതിനെതിരെ പ്രതിഷേധവുമായി പൗരസമിതി രംഗത്ത്; പ്രതിഷേധം ശക്തം 

പൗരാണികത ഏറെയുള്ള തിരുവല്ല ആമല്ലൂരിലെ പാണ്ഡവൻ പാറ പൊട്ടിക്കുന്നതിനെതിരെ പ്രതിഷേധവുമായി പൗരസമിതി രംഗത്തെത്തി. കവിയൂർ മഹാദേവ ക്ഷേത്രവുമായും കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രവുമായും ഏറെ ബന്ധം പുലർത്തുന്ന പാറ പൊട്ടിച്ച് നീക്കുന്നതിന് എതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

 

തിരുവല്ല : പൗരാണികത ഏറെയുള്ള തിരുവല്ല ആമല്ലൂരിലെ പാണ്ഡവൻ പാറ പൊട്ടിക്കുന്നതിനെതിരെ പ്രതിഷേധവുമായി പൗരസമിതി രംഗത്തെത്തി. കവിയൂർ മഹാദേവ ക്ഷേത്രവുമായും കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രവുമായും ഏറെ ബന്ധം പുലർത്തുന്ന പാറ പൊട്ടിച്ച് നീക്കുന്നതിന് എതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പാറ സ്ഥിതി ചെയ്യുന്ന തിരുവല്ല നഗരസഭയിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന ആമല്ലൂർ ഭാഗത്തെ മൂന്ന് സെൻറ് ഭൂമിക്ക് മുൻവശത്തായുള്ള ഭൂമി അടുത്തകാലത്ത് സ്വകാര്യ വ്യക്തി വിലയ്ക്ക് വാങ്ങിയിരുന്നു. ഈ ഭൂമി വൃത്തിയാക്കുന്നതിന് ഒപ്പമാണ് പുറമ്പോക്ക് ഭൂമിയിൽ നിലകൊള്ളുന്ന പാറ കൂടി പൊട്ടിക്കാൻ ശ്രമിക്കുന്നത് എന്നതാണ് പ്രദേശവാസികളുടെ ആരോപണം. 

ചതുരത്തിലുള്ള വാതിലോട് കൂടിയുള്ള ഗുഹ സ്ഥിതി ചെയ്യുന്ന പാണ്ഡവൻപാറയുടെ കവാടവും കവിയൂർ മഹാദേവ ക്ഷേത്രത്തിൻറെ കവാടവും നേർരേഖയിൽ ആണെന്നും പ്രദേശവാസികൾ പറയുന്നു. പാറ പൊട്ടിക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞദിവസം ജെസിബി ഉപയോഗിച്ച് പാറയുടെ ചുറ്റിലുമുള്ള മണ്ണ് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ നീക്കം വാർഡ് കൗൺസിലർ കെ വി വർഗീസും പ്രദേശവാസികളും ചേർന്ന് തടഞ്ഞിരുന്നു. പാറ പൊട്ടിക്കുന്നത് എതിരെ പൗരസമിതിയുടെ നേതൃത്വത്തിൽ ജിയോളജി വകുപ്പിനും തിരുവല്ല പോലീസിലും പരാതി നൽകിയിട്ടുണ്ട്. പാറ പൊളിക്കാനുള്ള നീക്കം പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തി എന്നും തൻറെ നേതൃത്വത്തിൽ പ്രവർത്തനം തടഞ്ഞു എന്നും പൗരാണികത ഏറെയുള്ള പാറ പൊളിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്നും സമരപരിപാടികളിൽ ജനങ്ങൾക്കൊപ്പം നിൽക്കും എന്നും വാർഡ് കൗൺസിലർ കെ വി വർഗീസ് പറഞ്ഞു.