പശ്ചിമ ബംഗാളിൽ മാങ്ങ പറിക്കാനെത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; സി.ഐ.എസ്.എഫ് ജവാൻ അറസ്റ്റിൽ
പശ്ചിമ ബംഗാളിലെ അസൻസോളിൽ മാങ്ങ പറിക്കാനെത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സി.ഐ.എസ്.എഫ് ജവാൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ രമാകാന്ത് വിശ്വകർമ (40) ആണ് പിടിയിലായത്. വെസ്റ്റ് ബർദ്വാൻ ജില്ലയിലെ ലാൽ ബസാർ പ്രദേശത്തിന് സമീപമുള്ള സി.ഐ.എസ്.എഫ് ക്യാമ്പിനടുത്ത് ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോളിൽ മാങ്ങ പറിക്കാനെത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സി.ഐ.എസ്.എഫ് ജവാൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ രമാകാന്ത് വിശ്വകർമ (40) ആണ് പിടിയിലായത്. വെസ്റ്റ് ബർദ്വാൻ ജില്ലയിലെ ലാൽ ബസാർ പ്രദേശത്തിന് സമീപമുള്ള സി.ഐ.എസ്.എഫ് ക്യാമ്പിനടുത്ത് ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: അഞ്ചും പത്തും വയസ്സുള്ള രണ്ട് പെൺകുട്ടികൾ മാങ്ങ പറിക്കാനായി ക്വാർട്ടേഴ്‌സ് കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചിരുന്നു. ഈ സമയം സ്കൂട്ടറിലെത്തിയ പ്രതി, കൂടുതൽ മാങ്ങ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടികളെ അടുത്തുള്ള മറ്റൊരു ക്വാർട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇളയ കുട്ടിയെ പുറത്തുനിർത്തിയ ശേഷം പത്തു വയസ്സുകാരിയെ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു.
വിവരമറിഞ്ഞതോടെ രോഷാകുലരായ നാട്ടുകാർ സി.ഐ.എസ്.എഫ് ക്യാമ്പിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ശീതൽപൂർ ഗേറ്റ് നമ്പർ മൂന്നിന് സമീപം റോഡ് ഉപരോധിച്ച നാട്ടുകാർ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പ്രാദേശിക നേതാക്കൾക്കൊപ്പം സക്തോറിയ ഔട്ട്‌പോസ്റ്റിൽ പരാതി നൽകി. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ പൊലീസ് പ്രതിയെ പിടികൂടി.
ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിക്ക് നിലവിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധമില്ലെന്നും കൽക്കരി ഖനികളുടെ സുരക്ഷാ ചുമതലയ്ക്കായി വിന്യസിച്ച സംഘത്തിലുള്ള ആളാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.