ബൈക്ക് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം : തൃശൂരിൽ സിനിമാ തിയേറ്റര്‍ ജീവനക്കാനെ മര്‍ദിച്ചു

ബൈക്ക് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തിയേറ്റര്‍ ജീവനക്കാരനെ മര്‍ദിച്ചു. മാളയിലെ പോള്‍സ് മൂവി ഡോം തിയേറ്റര്‍ ജീവനക്കാരനാണ് തലയ്ക്കും കൈക്കും മര്‍ദനമേറ്റത്

 


തൃശൂര്‍: ബൈക്ക് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തിയേറ്റര്‍ ജീവനക്കാരനെ മര്‍ദിച്ചു. മാളയിലെ പോള്‍സ് മൂവി ഡോം തിയേറ്റര്‍ ജീവനക്കാരനാണ് തലയ്ക്കും കൈക്കും മര്‍ദനമേറ്റത്. ആലത്തൂര്‍ സ്വദേശി തെക്കിനിയത്ത് വീട്ടില്‍ ജസ്റ്റിനാണ് (29) ഹെല്‍മെറ്റ് കൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.

തിയേറ്ററില്‍ സിനിമ കാണാനെത്തിയ ജോണി എന്നയാള്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ കൂടുതല്‍ ഒതുക്കി വെയ്ക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സെക്യൂരിറ്റി ജീവനക്കാരന്‍ ഇയാളുടെ ബൈക്ക് ഒതുക്കി മാറ്റി വെച്ചു.  സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ ജോണി ഇത് ചോദ്യം ചെയ്ത് ജീവനക്കാരനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും  തിരിച്ചുപോവുകയും ചെയ്തു.എന്നാല്‍ അല്പസമയത്തിനകം സുഹൃത്തുക്കളുമായി സംഘടിച്ചെത്തിയ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരനെ അക്രമിക്കാന്‍ മുതിരുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ചപ്പോഴാണ് ജസ്റ്റിന്റെ തലയ്ക്ക് ഇവര്‍ ഹെല്‍മെറ്റ് കൊണ്ട് ശക്തമായി അടിച്ചത്.

പരുക്കേറ്റ ജസ്റ്റിനെ മാള ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചെങ്കിലും തലയ്ക്കും ചെവിക്കും കടുത്ത വേദന തുടരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. മാള പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.