ക്രിസ്മസ് സന്ദേശം സാന്‍റാക്ലോസിന്‍റെ ശബ്ദത്തില്‍: തരംഗമായി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകളുടെ 'സാന്‍റാ കാളിങ് എ ഐ ആപ്പ്'

ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ നിന്ന് സാന്‍റാക്ലോസിന്‍റെ കുസൃതി നിറഞ്ഞ ശബ്ദം കേള്‍പ്പിക്കുന്ന 'സാന്‍റാ കാളിങ് എ ഐ ആപ്പ്' ആഗോളതരംഗമാകുന്നു.

 

തിരുവനന്തപുരം: ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ നിന്ന് സാന്‍റാക്ലോസിന്‍റെ കുസൃതി നിറഞ്ഞ ശബ്ദം കേള്‍പ്പിക്കുന്ന 'സാന്‍റാ കാളിങ് എ ഐ ആപ്പ്' ആഗോളതരംഗമാകുന്നു. ക്രിസ്മസ് ആശംസയും പാട്ടും സാന്‍റയുടെ ശബ്ദത്തില്‍ കേള്‍ക്കുന്നതിനായി നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി കെഎസ് യുഎമ്മിന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ നിര്‍മ്മിച്ച മൊബൈല്‍ ആപ്ലിക്കേഷനാണിത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബലില്‍ കണ്ടുമുട്ടിയ സിദ്ധാര്‍ഥ്. എന്‍, റിച്ചിന്‍ ആര്‍ ചന്ദ്രന്‍ (റിച്ചിന്നോവേഷന്‍സ് സിഇഒ), മുഹമ്മദ് ഷനൂബ് (ഇന്‍വെന്‍റി ഇന്‍റര്‍നാഷണല്‍ സിഇഒ), വിഘ്നേഷ്  (യുഐ/യുഎക്സ്), അജ്നാസ് എന്‍ ബി (ഡെവലപ്പര്‍), ധീരജ് ദിലീപ് (കുസാറ്റ് വിദ്യാര്‍ത്ഥി) എന്നീ യുവാക്കളാണ് ഈ ന്യൂജെന്‍ എ ഐ ആപ്ലിക്കേഷന് പിന്നില്‍. ഒരാഴ്ച കൊണ്ടാണ് ആപ്പ് നിര്‍മ്മിച്ചതെന്നതും ശ്രദ്ധേയം.

യുഎസ്എ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ആപ്പിന് ലഭിക്കുന്നത്. കേരളത്തിലും ഇതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ലോകത്തെമ്പാടുമുള്ള ആളുകള്‍ക്ക് അവരവരുടെ ഭാഷയില്‍ സാന്‍റാ കാളിങ് ആപ്പിലൂടെ ക്രിസ്മസ് സന്ദേശം ലഭ്യമാകും.
 
സാന്‍റാ കാളിങ് എന്ന എ ഐ അപ്ലിക്കേഷനിലൂടെ കുഞ്ഞുങ്ങള്‍ക്കും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ക്രിസ്മസ് സന്ദേശം അയക്കാനാകും. കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും ആശംസ അറിയിക്കുന്ന നൈസ് സാന്‍റയും സൃഹൃത്തുക്കള്‍ക്ക് ആശംസ അറിയിക്കുന്ന നോട്ടി സാന്‍റയും ചേര്‍ന്നതാണ് സാന്‍റാ കാളിങ് എ ഐ ആപ്പ്. ആപ്പ് ഉപയോഗിക്കുന്നയാളുടെ ചോദ്യങ്ങള്‍ക്കും സാന്‍റാ മറുപടി നല്‍കും.

സാന്‍റാ കാളിങ് എ ഐ ആപ്പിലൂടെ  www.santacallingai.com വഴി ഇത് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനാകും. ആപ്പ് ഉപയോഗിക്കുന്ന ആളുടെ പേരും ആശംസ അറിയിക്കേണ്ട വ്യക്തിയുടെ പേരും ഫോണ്‍ നമ്പറും ആപ്പില്‍ രേഖപ്പെടുത്തണം. 'സ്പെഷ്യല്‍' ആശംസ അറിയിക്കണമെങ്കില്‍ ആപ്പില്‍ അതും എഴുതിച്ചേര്‍ക്കാനാകും. എത്ര സമയം സാന്‍റയോട് സംസാരിക്കണമെന്നതും ആപ്പില്‍ രേഖപ്പെടുത്താന്‍ സാധിക്കും.