'മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ നേരിട്ടത് ചിറയിന്‍കീഴ് എംഎല്‍എ മാതൃകയാക്കി'; വിമര്‍ശിച്ച് എം വി ജയരാജന്‍
'മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ നേരിട്ടത് ചിറയിന്‍കീഴ് എംഎല്‍എ മാതൃകയാക്കി'; വിമര്‍ശിച്ച് എം വി ജയരാജന്‍
വീട്ടില്‍ കയറി മര്‍ദ്ദിച്ചതിന് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഭാര്യയും പൊലീസിന് നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല.
കൊന്തള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെയും ഭാര്യയെയും മര്‍ദ്ദിച്ച ചിറയിന്‍കീഴ് എംഎല്‍എ മുഖ്യമന്ത്രിയേക്കാള്‍ കരുത്ത് കാട്ടി.
ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ നേരിട്ടത് ചിറയിന്‍കീഴ് എംഎല്‍എ മാതൃകയാക്കിയെന്ന് എം വി ജയരാജന്‍ പറഞ്ഞു. കൊന്തള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെയും ഭാര്യയെയും മര്‍ദ്ദിച്ച ചിറയിന്‍കീഴ് എംഎല്‍എ മുഖ്യമന്ത്രിയേക്കാള്‍ കരുത്ത് കാട്ടി. വീട്ടില്‍ കയറി മര്‍ദ്ദിച്ചതിന് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഭാര്യയും പൊലീസിന് നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം, തന്നെ മര്‍ദ്ദിച്ചു എന്ന എംഎല്‍എയുടെ പരാതിയില്‍ പൊലീസ് കേസെടുത്തെന്നും എം വി ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എം വി ജയരാജന്റെ പ്രതികരണം.
എം വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
102ന്റെ അഹങ്കാരവും മൂന്നിന്റെ ഭാവിയും.102 എം.എല്‍.എമാരുടെ ഭൂരിപക്ഷം യുഡിഎഫിനെ അഹങ്കാരത്തിന്റെ കൊടിമുടിയില്‍ എത്തിച്ചിരിക്കുന്നു. മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ നേരിട്ടത് മാതൃകയാക്കുകയാണ് ചിറയിന്‍കീഴ് എംഎല്‍എ. കരാറുകാരില്‍ നിന്നും പണം പിരിക്കാനായി ഒരു സംഘത്തെ എംഎല്‍എ നിയോഗിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അത്തരം അനധികൃത പണപ്പിരിവിനെയും ഔദ്യോഗിക യോഗത്തില്‍ ഗുണ്ടാസംഘത്തിലെ അനുയായികളെ എംഎല്‍എ പങ്കെടുപ്പിക്കുന്നതിനെയും ചോദ്യം ചെയ്തപ്പോള്‍ ഗുണ്ടാസംഘവുമായി വീട്ടില്‍ കയറി ചിറയിന്‍കീഴ് മണ്ഡലത്തിലെ കൊന്തള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെയും ഭാര്യയെയും മര്‍ദ്ദിക്കുകയും ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയേക്കാള്‍ കരുത്ത് ചിറയിന്‍കീഴ് എംഎല്‍എ കാട്ടിയത്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ വടകര എം.പി തന്നെ ആദ്യം പ്രസംഗിക്കാന്‍ വിളിക്കാത്തതിന് വേദിയിലിരുന്ന അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവിനെ കഴുത്തിന് പിടിച്ച് പുറത്താക്കാന്‍ നോക്കിയത് എം.എല്‍.എക്ക് ആവേശം പകര്‍ന്നിട്ടുണ്ടാകും. വീട്ടില്‍ കയറി മര്‍ദ്ദിച്ചതിന് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഭാര്യയും പോലീസിന് നല്‍കിയ പരാതിയില്‍ കേസില്ല. എന്നാല്‍ തന്നെ മര്‍ദ്ദിച്ചു എന്ന എംഎല്‍എയുടെ പരാതിയിന്‍മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ഭാവിയില്‍ മന്ത്രി കുപ്പായത്തിനായി കാത്തിരിക്കുന്ന പാലാ എം.എല്‍.എ വഞ്ചനാ കേസില്‍ ശിക്ഷിക്കപ്പെട്ടു. അതാവട്ടെ കോടികളുടെ തട്ടിപ്പാണ് താനും. മറ്റൊരു എം.എല്‍.എ പട്ടയത്തിനായി കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിയായി. പരാതി നല്‍കിയ ആളെ ഭീഷണിപ്പെടുത്താന്‍ വി.ഡിയുടെ മാതൃക സ്വീകരിക്കാന്‍ എം.എല്‍.എ മറന്നുപോയിട്ടുമില്ല.
മാസം മൂന്നേ കഴിഞ്ഞിട്ടുള്ളൂ. മൂന്നിനകം കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍, സദാചാര മൂല്യമുണ്ടെന്ന് അവകാശപ്പെടുന്ന ടീം യു.ഡി.എഫില്‍ നിന്ന് ഉണ്ടായി. ജനം ചോദിക്കുകയാണ്, ശേഷിക്കുന്ന 57 മാസങ്ങളില്‍ ടീം യു.ഡി.എഫില്‍ നിന്നും എന്തെല്ലാം ദുരന്തങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും?