കൊല്ലം സായ് ഹോസ്റ്റലിലെ കുട്ടികളുടെ മരണം: പരിശീലകരുടെയും ജീവനക്കാരുടെയും വിദ്യാർഥികളുടെയും മൊഴിയെടുത്തു
കൊല്ലം: സായി ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികൾ തൂങ്ങിമരിച്ച സംഭവത്തിൽ പരിശീലകരുടെയും ജീവനക്കാരുടെയും മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. ഹോസ്റ്റലിലെ 15 വിദ്യാർഥികളുടെയും പരിശീലകരുടെയും മൊഴിയെടുത്തിട്ടുണ്ട്. നാട്ടിലേക്കുപോയ വിദ്യാർഥികൾ മടങ്ങിവരുന്നമുറയ്ക്ക് അവരുടെയും മൊഴികളെടുക്കും.
പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ വിശദമായ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തുമെന്ന് അന്വേഷണച്ചുമതലയുള്ള ഇൻസ്പെക്ടർ പുഷ്പകുമാർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാൻ ഒരാഴ്ചയോളമെടുക്കും. സാന്ദ്രയുടെ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കാൻ അന്വേഷണസംഘാംഗങ്ങൾ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. വൈഷ്ണവിയുടെ രക്ഷിതാക്കളുടെ മൊഴിയും വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), ആറ്റിങ്ങൽ സ്വദേശിനി വൈഷ്ണവി (15) എന്നിവരെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.