അങ്കമാലിയില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു; ഇതോടെ മരണം മൂന്നായി

വെള്ളിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.
 

എറണാകുളം അങ്കമാലി പുളിയനത്ത് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. മരിച്ചത് ദമ്പതികളുടെ ഇളയ മകന്‍ ആസ്തിക്ക് സനലാണ് (6). പുളിയനം മില്ലുംപടി ഭാഗത്ത് താമസിക്കുന്ന വെളിയത്ത് വീട്ടില്‍ സനലിന്റെയും സുമിയുടെയും മകനാണ്. നേരത്തെ സുമിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സനലിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തുകയായിരുന്നു. ഇതോടെ മരണം മൂന്നായി.

ഗുരുതരമായി പൊള്ളലേറ്റ ആസ്തിക്കിനെയും മറ്റൊരു കുട്ടിയെയും എറണാകുളം മെഡിക്കല്‍ സെന്ററില്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആസ്തിക്കിനെ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. കുട്ടികളുടെ അലര്‍ച്ച കേട്ട് അയല്‍വാസികള്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.

സനല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ സുമി പാചക വാതക സിലിണ്ടര്‍ തുറന്ന് തീ കൊളുത്തിയതാണോ സനല്‍ വീടിന് തീകൊളുത്തിയ ശേഷം തൂങ്ങി മരിച്ചതോ ആകാമെന്ന നിഗമനത്തിലാണ് പൊലീസ്. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നു