വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത വിധം അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിന്യാസം നടത്തണം : ബാലാവകാശ കമ്മീഷൻ

വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത വിധത്തിൽ അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിന്യാസം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.

 

വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത വിധത്തിൽ അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിന്യാസം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.ജില്ലാതല പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം  നൽകാൻ സ്റ്റേറ്റ് സെൻസസ് കമ്മീഷണർ / ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ ഉത്തരവ് നൽകി.

സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഹയർ സെക്കൻഡറിയിലേത് അടക്കമുള്ള അധ്യാപകരുടെ ഡ്യൂട്ടി സംബന്ധിച്ചതും ഭാവിയിൽ സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കുന്നത് സംബന്ധിച്ചും  സ്റ്റേറ്റ് സെൻസസ് കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു ഉന്നതാധികാര സമിതി രൂപീകരിക്കേണ്ടതാണ്.  അധ്യാപകർക്ക് പുറമേ സർക്കാർ സർവീസിലെ ഇതര വകുപ്പുകളിലെ ജീവനക്കാരെയും  എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത വിദ്യാസമ്പന്നരായ തൊഴിൽ അന്വേഷകരെയും  നിയമിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കണം. സെൻസസ് ഡ്യൂട്ടി സംബന്ധിച്ച അപാകതകളും  പരാതികളും നിർദ്ദേശങ്ങളും പരിഗണിച്ച് കൃത്യമായ മാർഗ്ഗ നിർദ്ദേശം സ്റ്റേറ്റ് സെൻസസ് കമ്മീഷണർ  പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗം പി ഷാജേഷ് ഭാസ്കർ എന്നിവർ ശിപാർശ നൽകി. 

സ്കൂളുകളിൽ സെൻസസ് ഡ്യൂട്ടിക്ക്  അധ്യാപകരെ നിയമിക്കുമ്പോൾ അക്കാദമിക്  പ്രവർത്തനങ്ങൾ, സേ പരീക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പഠന നിലവാരം എന്നിവയെ വലിയതോതിൽ ബാധിക്കുന്നതായും  കുട്ടികളുടെ മൗലികമായ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടുന്നതായും   കാണിച്ച് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.