അനുമോദ ചടങ്ങിനിടെ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; KT ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

പാലക്കാട് മണ്ണാര്‍ക്കാട് അനുമോദ ചടങ്ങിനിടെ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാറാണ് നടപടി സ്വീകരിച്ചത്.

 

തിരുവനന്തപുരം: പാലക്കാട് മണ്ണാര്‍ക്കാട് അനുമോദ ചടങ്ങിനിടെ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാറാണ് നടപടി സ്വീകരിച്ചത്. അതേസമയം കെ ടി ജലീല്‍ തങ്ങളെ അപമാനിച്ചിട്ടില്ലെന്ന് അനുമോദനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികളെ അപമാനിച്ച കെ ടി ജലീല്‍ മാപ്പുപറയണമെന്നും ബാലാവകാശ കമ്മീഷന്‍ സംഭവത്തിൽ സ്വമേധയാ കേസെടുക്കണമെന്നും എംഎസ്എഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അനുമോദന ചടങ്ങില്‍ പങ്കെടുത്ത കുട്ടികളോട് ജലീൽ അക്ഷരമറിയില്ലേ എന്ന് ചോദിക്കുന്നതും മേല്‍വിലാസം തെറ്റിച്ച് എഴുതി എന്നപേരില്‍ സ്റ്റേജില്‍ വിളിച്ച് വരുത്തിയ കുട്ടിയുടെ ചെവിയില്‍ നുള്ളുന്നതുമായ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഹിന്ദിയില്‍ മേല്‍വിലാസവും രക്ഷിതാക്കളുടെ പേരും എഴുതിയപ്പോള്‍ പിഴവ് സംഭവിച്ചെന്നും അധ്യാപകനെ പോലെ കെ ടി ജലീല്‍ അത് തിരുത്തി നല്‍കുകയാണെ് ചെയ്തതെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം. 

അതേസമയം തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകള്‍ക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിച്ചതെന്നാണ് ജലീലിന്റെ വിശദീകരണം. ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓര്‍ക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാല്‍ തമാശക്ക് ചിരിച്ച് ചെവിയില്‍ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ലെന്നും കെ ടി ജലീല്‍ പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.