'പറന്നുയരാം കരുത്തോടെ' :വനിതാ കമീഷൻ കാമ്പയിൻ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
കേരള വനിതാ കമ്മീഷൻ നടപ്പാക്കുന്ന 'പറന്നുയരാം കരുത്തോടെ' കാമ്പയിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ , മെമ്പർ സെക്രട്ടറി കെ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരള വനിതാ കമ്മീഷൻ നടപ്പാക്കുന്ന 'പറന്നുയരാം കരുത്തോടെ' കാമ്പയിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ , മെമ്പർ സെക്രട്ടറി കെ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുക, അവരുടെ മനക്കരുത്ത് വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 'പറന്നുയരാം കരുത്തോടെ' എന്ന ടാഗ്ലൈനിൽ സംസ്ഥാനത്തുടനീളം കാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രശസ്തനടി മഞ്ജു വാര്യരാണ് കാമ്പയിൻ അംബാസിഡർ. ആദ്യഘട്ടമായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 19 (തിങ്കളാഴ്ച്ച )ഉച്ചയ്ക്ക് 3 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വനിതാ ശിശുവികസന, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ക്ഷീര, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, ഡയറക്ടർ ഹരിത വി കുമാർ, ജില്ലാ കളക്ടർ അനുകുമാരി, പോലീസ് ഐ ജി എസ് അജിതാബീഗം, കമ്മീഷൻ അംഗങ്ങളായ അഡ്വ ഇന്ദിരാ രവീന്ദ്രൻ, അഡ്വ എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി, അഡ്വ പി കുഞ്ഞായിഷ തുടങ്ങിയവർ പങ്കെടുക്കും.
'നമുക്കെങ്ങനെ പറന്നുയരാം' എന്ന വിഷയത്തിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്‌റ് ഭാഗ്യലക്ഷ്മി മോഡറേറ്ററാകുന്ന സംവാദവും ഉണ്ടാകും. സർക്കാർ പ്‌ളീഡർ, പ്രോസിക്യൂട്ടർ ഡോ. ടി ഗീനാകുമാരി, ജൻഡർ കൺസൽട്ടൻറ് ഡോ. ടി കെ ആനന്ദി, എഴുത്തുകാരി ഡോ. ചന്ദ്രമതി, എച്ചുമുക്കുട്ടി, മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് അംഗം ഡോ. ഷാലിമ, കമ്മീഷൻ അംഗങ്ങൾ, ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ കെ ചന്ദ്രശോഭ തുടങ്ങിയവർ പാനലിസ്റ്റുകളാകും. തുടർന്ന് പ്രശസ്ത ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി നടക്കും.
കമ്മീഷൻ ആസ്ഥാനമായ തിരുവനന്തപുരത്തും ,മേഖലാ ഓഫീസുകൾ പ്രവർത്തിക്കുന്ന കോഴിക്കോടും എറണാകുളത്തും വനിതകൾക്ക് സൗജന്യ കൗസിലിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കമ്മീഷൻ അധ്യക്ഷ അഭ്യർത്ഥിച്ചു.