സംസ്ഥാനത്ത് ദുരന്തനിവാരണ പ്രതിരോധശേഷി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്തുന്നതിനും മുന്നറിയിപ്പ് സംവിധാനങ്ങൾ ആധുനികീകരിക്കുന്നതിനുമായി സംസ്ഥാനത്ത് 'ദുരന്തനിവാരണ പ്രതിരോധശേഷി പദ്ധതി' നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. തിങ്കളാഴ്ച നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ചുഴലിക്കാറ്റുകൾ, മേഘവിസ്ഫോടനങ്ങൾ, അതിശക്തമായ മഴ, സുനാമി തുടങ്ങിയ തീവ്ര കാലാവസ്ഥാ ഭീഷണികൾ നേരിടാൻ രാജ്യത്തിന് തന്നെ മാതൃകയാകുന്ന സമഗ്ര പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.

 

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്തുന്നതിനും മുന്നറിയിപ്പ് സംവിധാനങ്ങൾ ആധുനികീകരിക്കുന്നതിനുമായി സംസ്ഥാനത്ത് 'ദുരന്തനിവാരണ പ്രതിരോധശേഷി പദ്ധതി' (Disaster Management Resilience Project) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. തിങ്കളാഴ്ച നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ചുഴലിക്കാറ്റുകൾ, മേഘവിസ്ഫോടനങ്ങൾ, അതിശക്തമായ മഴ, സുനാമി തുടങ്ങിയ തീവ്ര കാലാവസ്ഥാ ഭീഷണികൾ നേരിടാൻ രാജ്യത്തിന് തന്നെ മാതൃകയാകുന്ന സമഗ്ര പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.

കാലാവസ്ഥാ പ്രവചനവും മുൻകൂർ മുന്നറിയിപ്പും മുതൽ ജനങ്ങളെ ഒഴിപ്പിക്കൽ, പുനരധിവാസം വരെയുള്ള എല്ലാ ഘട്ടങ്ങളും പദ്ധതിയുടെ പരിധിയിൽ വരും. ബംഗാൾ ഉൾക്കടലിന് പുറമെ ശാന്തമായിരുന്ന അറബിക്കടലിലും കാലാവസ്ഥാ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ ഉറപ്പാക്കാൻ ഐ.ഐ.ടി റൂർക്കി, ഐ.ഐ.ടി മദ്രാസ് എന്നീ പ്രമുഖ സ്ഥാപനങ്ങളെ വിജ്ഞാന പങ്കാളികളാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നും, ഐ.എം.ഡി നൽകുന്ന വിവരങ്ങൾക്കൊപ്പം വിവിധ ഏജൻസികളുടെ ഡാറ്റ ഏകോപിപ്പിച്ച് ഓരോ ജില്ലയ്ക്കും അനുയോജ്യമായ പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി വയനാട് സൈറൺ ശൃംഖലയ്ക്കായി 4 കോടി രൂപയും, അലാറം സംവിധാനങ്ങൾക്ക് 3.93 കോടി രൂപയും, ആലപ്പുഴയിൽ 5 അധിക സൈറണുകൾക്കായി 3.53 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം 9 തീരദേശ പഞ്ചായത്തുകളെ യുനെസ്‌കോയുടെ 'സുനാമി റെഡി' സർട്ടിഫിക്കേഷനായി ശുപാർശ ചെയ്യുകയും, കെ.എസ്.ഡി.എം.എ വഴി 51 ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 'യുവ ആപത് മിത്ര' പദ്ധതി വഴി 10,000 സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകിയതായും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി സഹകരിച്ച് ആധുനിക റഡാർ സംവിധാനങ്ങൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.