മദ്യനയത്തെ കുറിച്ച് മുഖ്യമന്ത്രി പഠിപ്പിക്കേണ്ട: വി.ഡി. സതീശൻ

മദ്യ ലഭ്യത കുറയ്ക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞിട്ട് ബാറുകളുടെ എണ്ണം 29 ൽ നിന്നും 1000 ആക്കിയ പിണറായി വിജയൻ മദ്യ നയത്തെ കുറിച്ച് യു.ഡി.എഫിനെ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

 

പാലക്കാട്: മദ്യ ലഭ്യത കുറയ്ക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞിട്ട് ബാറുകളുടെ എണ്ണം 29 ൽ നിന്നും 1000 ആക്കിയ പിണറായി വിജയൻ മദ്യ നയത്തെ കുറിച്ച് യു.ഡി.എഫിനെ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുമായി വികസന സംവാദത്തിന് തയാറാണ്. സി.പി.എം ആരോപണങ്ങൾ ഉന്നയിക്കുന്നത് ബി.ജെ.പിയുമായുള്ള ഡീൽ മറച്ചുവയ്ക്കാനാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് സീറ്റിൽ യു.ഡി.എഫ് വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയെ ജയിപ്പിക്കുകയെന്നതാണ് സി.പി.എമ്മിന്റെ ഉദ്ദേശ്യം. പക്ഷെ അത് നടക്കില്ല. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യു.ഡി.എഫിൽ ഒരു ചർച്ചയുമില്ല. മുതിർന്ന നേതാക്കൾ തമ്മിൽ ധാരണയുണ്ട്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നടപടിക്രമം അനുസരിച്ച് കർണാടകയിലെയും തെലങ്കാനയിലേതും പോലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും.സി.പി.എമ്മും ബി.ജെ.പിയും ചേർന്നാണ് പറവൂരിൽ അപര സ്ഥാനാർഥിയെ നിർത്തിയത്. ഇതിന് മുൻപും അവർ അത് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയും ഞാനും തമ്മിൽ ആസ്തിയിൽ വ്യത്യാസമുണ്ടായിരിക്കാം. എന്റെയും ഭാര്യയുടെയും പേരിലുള്ളത് തലമുറകളായി കൈമാറി വന്ന പൂർവികസ്വത്താണ്. എന്നേക്കാൾ ആസ്തിയുള്ള എത്രയോ പേർ സി.പി.എമ്മിലുണ്ട്. മുഖ്യമന്ത്രിയുടെ സ്വത്ത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉണ്ടാക്കിയതും എന്റേത് ഞാൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉണ്ടാക്കിയതും അല്ലല്ലോ.
പാർട്ടി വിട്ടവരെയും പാർട്ടിയിൽ ചോദ്യം ചോദിക്കുന്നവരെയും വർഗവഞ്ചകരെന്നും കുലംകുത്തിയെന്നും പറഞ്ഞ് 52 വെട്ടുവെട്ടി കൊല്ലുകയും ചെയ്യുന്ന പാർട്ടിയാണ് സി.പി.എം. അവർ തകർച്ചയിലേക്ക് പോകുകയാണ്. ഇത്രമാത്രം സി.പി.എം നേതാക്കളും പ്രവർത്തകരും ഒന്നിച്ച് പാർട്ടി വിട്ട കാലം കേരളത്തിലുണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.