മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും

അടിയന്തര ആശ്വാസ സഹായങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് വിവരം

 

റാന്നി ഉള്‍പ്പെടെയുള്ള മേഖലകളിലെത്തി ദുരിതബാധിതരുമായി നേരിട്ട് സംസാരിക്കും

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളാണ് മുഖ്യമന്ത്രി പ്രധാനമായും സന്ദര്‍ശിക്കുന്നത്.  ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തുന്ന സതീശന്‍, തുടര്‍ന്ന് റാന്നി ഉള്‍പ്പെടെയുള്ള മേഖലകളിലെത്തി ദുരിതബാധിതരുമായി നേരിട്ട് സംസാരിക്കും. മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര ആശ്വാസ സഹായങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് വിവരം. ഇക്കാര്യം നേരത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സൂചിപ്പിച്ചിരുന്നു. 

പ്രളയബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്നും ജീവനോപാധികള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് അടിയന്തര സഹായം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും തിരുവല്ല ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കവെ ചെന്നിത്തല വ്യക്തമാക്കിയിരുന്നു. നാശനഷ്ടങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അര്‍ഹതപ്പെട്ട ഫണ്ട് ലഭ്യമാക്കാന്‍ കേന്ദ്രത്തെ സമീപിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.