കോഴിക്കോട് - വയനാട് തുരങ്ക പാത ഫസ്റ്റ് ബ്ലാസ്റ്റ് മുഖ്യമന്ത്രി സ്വിച്ചോൺ ചെയ്തു
ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത യാഥാർഥ്യമാകുന്നതോടെ വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുകയാണ്.
കോഴിക്കോട്: വയനാട് തുരങ്കപാത നിർമാണത്തിന് ഔദ്യോഗിക തുടക്കമാവുന്നു. താമരശേരി ചുരത്തിന് ബദലായി വരുന്ന തുരങ്കപാതയുടെ പ്രധാന ഘട്ടമായ പാറ പൊട്ടിക്കൽ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത യാഥാർഥ്യമാകുന്നതോടെ വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുകയാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ (മറിപ്പുഴ) മുതൽ വയനാട് ജില്ലയിലെ കള്ളാടി (മീനാക്ഷി പാലം) വരെയാണ് തുരങ്കപാത. കൊങ്കൺ റെയിൽവേ കോർപ്പറേഷന്‍റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കിഫ്ബിയിൽ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി പൂർത്തിയാവുന്നതോടെ കോഴിക്കോട് - വയനാട് യാത്രാ ദൂരം പകുതിയായി കുറയും. ആനക്കാംപൊയിൽ മുതൽ മേപ്പാടി വരെ 8.7 കിലോമീറ്ററാണ് ദൂരം. 2,000 രൂപയാവും ചെലവ്. പരിസ്ഥിതി, വനം വകുപ്പുകളുടെ കർശന പരിശോധനകൾക്കും അനുമതികൾക്കും ശേഷമാണ് സംസ്ഥാന സർക്കാരിന്‍റെ ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കുന്നത്.
ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് നിർമാണം. ഓസ്ട്രേലിയൻ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ കട്ട് ആൻഡ് കവർ രീതിയിലാണ് തുരങ്കം നിർമിക്കുക. കൃത്യമായ അളവിലും ആഴത്തിലും പാറ തുരക്കുന്നതിനായി ആധുനിക റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിക്കും. തുരങ്കം പാത പൂർത്തിയാകുമ്പോൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയ ഇരട്ട തുരങ്കപാതയായി ഇത് മാറും.