വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കണം: മുഖ്യമന്ത്രി
അന്ധവിശ്വാസജടിലമായ സമൂഹത്തെ ശാസ്ത്രീയമായി, യുക്തിസഹമായി ചിന്തിക്കാൻ പ്രേരിപ്പിച്ച ജവഹർലാൽ നെഹ്റുവിന്റെ പേരിലുള്ള സയന്റിഫിക് ടെമ്പർ കേന്ദ്രങ്ങളെ ചോദ്യങ്ങൾ ചോദിക്കാനും അറിവ് തേടാനുള്ള അന്വേഷണത്തിനുമായി വിദ്യാർഥി സമൂഹം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി
അന്ധവിശ്വാസജടിലമായ സമൂഹത്തെ ശാസ്ത്രീയമായി, യുക്തിസഹമായി ചിന്തിക്കാൻ പ്രേരിപ്പിച്ച ജവഹർലാൽ നെഹ്റുവിന്റെ പേരിലുള്ള സയന്റിഫിക് ടെമ്പർ കേന്ദ്രങ്ങളെ ചോദ്യങ്ങൾ ചോദിക്കാനും അറിവ് തേടാനുള്ള അന്വേഷണത്തിനുമായി വിദ്യാർഥി സമൂഹം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം ഗവ: വിമൻസ് കോളേജിൽ നടന്ന ചടങ്ങിൽ ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ ആദ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആദ്യ ഉപകേന്ദ്രമായി തിരുവനന്തപുരം ഗവൺമെന്റ് വിമെൻസ് കോളേജിനെ നിയോഗിച്ചതിന്റെ ഔദ്യോഗിക രേഖ മുഖ്യമന്ത്രി കോളേജ് പ്രിൻസിപ്പളിന് കൈമാറി.
വിശ്വാസങ്ങളെ ഹനിക്കുന്നതല്ല ശാസ്ത്രബോധമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം വിജ്ഞാന വിസ്ഫോടനത്തിന് സാക്ഷ്യം വഹിക്കുന്ന ഈ കാലത്ത് ഇത്തരം കേന്ദ്രങ്ങൾക്ക് പ്രസക്തി വർധിക്കുന്നു. ഉന്നത വിദ്യാഭ്യാസ പഠനത്തിന്റെ ഡെസ്റ്റിനേഷൻ ഹബ്ബായി കേരളത്തെ മാറ്റിയെടുക്കും. നവീനമായ അക്കാദമിക് കോഴ്സുകൾക്ക് തുടക്കം കുറിക്കും. പഠിച്ചിറങ്ങുമ്പോൾ തന്നെ ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. ഉന്നതപഠനത്തിനായി വിദ്യാർഥികൾ കേരളത്തിന് പുറത്തേക്ക് പോകുന്ന പ്രവണത തടയാൻ നടപടികൾ സ്വീകരിക്കും. അടുത്ത വർഷം നഴ്സിങ് കോഴ്സുകളിൽ സീറ്റ് വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രത്തിനെതിരായി പ്രചാരണം നടക്കുന്ന കാലഘട്ടത്തിൽ കേരളം തീർക്കുന്ന പ്രതിരോധമാണ് ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ എന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. വിദ്യാർഥികൾക്കിടയിൽ അന്വേഷണാത്മക ത്വരയും ശാസ്ത്രാവബോധവും വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ നടത്തിയ ഒന്നാംഘട്ട സ്റ്റുഡന്റ് ആസ്പിരേഷൻ സർവേ റിപ്പോർട്ട് മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് കൈമാറി പ്രകാശനം ചെയ്തു.
സി ഡിറ്റുമായി സഹകരിച്ച് നടത്തുന്ന ഓൺലൈൻ സയന്റിഫിക് ടെംപർ കോഴ്സിന്റെ ഉദ്ഘാടനം ആദ്യ പഠിതാവ് വിമെൻസ് കോളേജ് വിദ്യാർഥിനി മീനാക്ഷിക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി മുഖ്യമന്ത്രി നിർവഹിച്ചു. ഉന്നതവിദ്യാഭ്യാസകൗൺസിൽ ഉപാധ്യക്ഷൻ അച്യുത് ശങ്കർ സ്വാഗതം ആശംസിച്ചു.
കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസകൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ പദ്ധതിയിലൂടെ ശാസ്ത്രബോധം, മാനവികത, അന്വേഷണാത്മക ചിന്ത എന്നിവ വിദ്യാർഥികളിൽ വളർത്തുകയാണ് ലക്ഷ്യം. ഇതിനായി 300 കേന്ദ്രങ്ങളിലൂടെ 15 ലക്ഷം യുവാക്കളിലേക്കും പൊതുസമൂഹത്തിലേക്കും ശാസ്ത്രബോധ പ്രചാരണം എത്തിക്കും. ശാസ്ത്രബോധ ഓൺലൈൻ കോഴ്സിനൊപ്പം കൈപ്പുസ്തകങ്ങൾ, വീഡിയോ റീലുകൾ എന്നിവയും തയാറാക്കും.