പശ്ചിമതീര ജലപാത വികസനം നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിന്റെ വികസന ചരിത്രത്തിൽ അതിപ്രധാനമായ ഒരു ചുവടുവെപ്പാണ് പശ്ചിമതീര ജലപാതയുടെ വികസനത്തിലൂടെ നടപ്പിലാകുന്നതെന്നും ഇത് നവകേരള നിർമ്മിതിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിന്റെ വികസന ചരിത്രത്തിൽ അതിപ്രധാനമായ ഒരു ചുവടുവെപ്പാണ് പശ്ചിമതീര ജലപാതയുടെ വികസനത്തിലൂടെ നടപ്പിലാകുന്നതെന്നും ഇത് നവകേരള നിർമ്മിതിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ട പൂർത്തീകരണം, ചിലക്കൂർ വിനോദസഞ്ചാര പദ്ധതി, ഇൻലാൻഡ് നാവിഗേഷൻ വിഭാഗം പൂർത്തീകരിച്ച വിവിധ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനം വർക്കല ചിലക്കൂർ ബീച്ച് പാർക്കിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏവരും ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കാളികളാകുന്ന ഈ ചടങ്ങ് നാടിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണെന്നും പശ്ചിമതീര വികസനത്തിന്റെ ഭാഗമായി പൂർത്തിയാക്കിയ സുപ്രധാന പദ്ധതികളാണ് നാടിന് സമർപ്പിക്കുന്നതെന്നും ഇവയെല്ലാം ഒന്നിനൊന്ന് പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതൽ തൃശൂർ വരെ 280 കിലോമീറ്റർ നീളമുള്ള ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ട നവീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇതിന്റെ ഭാഗമായി തൃശൂർ കാട്ടൂർ സെക്ഷൻ മധുരംപള്ളിയിൽ അഞ്ച് കിലോമീറ്റർ ദൂരം സംസ്ഥാന ജലപാത നിലവാരത്തിൽ ആഴവും വീതിയും കൂട്ടി നവീകരിച്ചിട്ടുണ്ട്. അതോടൊപ്പം 1876ൽ നിർമ്മിക്കപ്പെട്ട 320 മീറ്റർ നീളമുള്ള ചിലക്കൂർ ടണലിന്റെ നവീകരണവും സൗന്ദര്യവൽക്കരണവും പൂർത്തിയാക്കി. 150 വർഷം മുൻപുള്ള ഈ എൻജിനീയറിങ് അത്ഭുതത്തെ അതിന്റെ പഴമയും പൈതൃകവും ഒട്ടും ചോരാതെയാണ് വീണ്ടെടുക്കാൻ സാധിച്ചത്.
മറ്റു കൂട്ടിച്ചേർക്കലുകൾ അധികമൊന്നുമില്ലാതെ രൂപകൽപ്പന ചെയ്ത ഈ ടണലിൽ അത്യാധുനികമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കിയിട്ടുണ്ട്. 20 പേർക്ക് സഞ്ചരിക്കാവുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത ഇലക്ട്രിക് ബോട്ട് ഉൾപ്പെടെയാണ് സൗന്ദര്യവൽക്കരണം നടത്തിയിട്ടുള്ളത്. കേരളത്തിന്റെ ചരിത്രം, സംസ്‌കാരം, നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ ജീവിതം എന്നിവയെല്ലാം ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന സജ്ജീകരണവുമുണ്ട്. വിനോദസഞ്ചാര മേഖലയിൽ ഒരു ഹെറിറ്റേജ് സെന്ററായി ചിലക്കൂർ ടണലിനെ ഉയർത്താൻ ഇതിലൂടെ കഴിയും. ചിലക്കൂർ ടണലിന്റെ സൗന്ദര്യവൽക്കരണം, ടണലിൽ ഒരുക്കിയിട്ടുള്ള ഷോ, ഇലക്ട്രിക് ബോട്ട് നിർമ്മാണം ഇവയെല്ലാം സിയാൽ വഴിയാണ് നടപ്പിലാക്കിയിട്ടുള്ളത്.
ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കോഴിക്കോട് മൂഴിക്കൽ ലോക്ക്-കം ബ്രിഡ്ജ്, തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് പാലം, 14 കിലോമീറ്റർ നീളത്തിൽ നവീകരിച്ച വടകര - മാഹി കനാൽ എന്നിവയും ഇതോടൊപ്പം പൂർത്തിയായിട്ടുണ്ട്. വടകര - മാഹി കനാൽ പൂർത്തിയാക്കൽ പ്രയാസമുള്ള കാര്യമായിരുന്നു. എത്രയോ വർഷങ്ങളായി അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതെല്ലാം നാഷണൽ വാട്ടർവേ നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയ്‌ക്കൊപ്പം തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് പശ്ചിമതീര ജലപാത വികസനം. കോവളം മുതൽ ബേക്കൽ വരെ 616 കിലോമീറ്റർ ദൂരത്തിലാണ് ഈ ജലപാത ഉണ്ടാവുക. ഇതിലൂടെ തുടർച്ചയായ ജലയാത്ര ഒരുക്കലാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേരളത്തിലെ 10 ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖല നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതോടൊപ്പം കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് വലിയ ഹരമാകും. യാത്രയ്ക്കിടയിൽ അവർക്ക് ഇറങ്ങാൻ സാധിക്കുന്ന സ്ഥലങ്ങളിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ നമുക്ക് കഴിയും. കാഴ്ചകൾ മാത്രമല്ല, നമ്മുടെ നാടൻ വിഭവങ്ങൾ കൂടി ആസ്വദിച്ചുള്ള, ജലപാതയിലൂടെയുള്ള യാത്ര വലിയ തോതിലുള്ള മാറ്റം ടൂറിസം രംഗത്തുണ്ടാക്കും.
നിലവിൽ റോഡിലൂടെയാണ് നമ്മുടെ എല്ലാ ചരക്കുനീക്കവും നടക്കുന്നത്. ജലപാതയുടെ വികസനത്തോടെ ഈ കാര്യങ്ങളിൽ വലിയ മാറ്റം വരും. തൃക്കുന്നപ്പുഴ ലോക്കിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകുന്നതോടെ ചരക്കുനീക്കത്തിൽ വലിയ മാറ്റമുണ്ടാകും. ചരക്കുനീക്കത്തിന്റെ ഒരു കണക്ക് പറഞ്ഞാൽ, കൊച്ചിയിൽ നിന്ന് ചവറ കെ.എം.എം.എല്ലിലേക്ക് പ്രതിദിനം 40 ടാങ്കറുകളാണ് അസംസ്‌കൃത വസ്തുക്കളുമായി പോകുന്നത്. ഇത് രണ്ട് ബാർജുകൾ ഉണ്ടായാൽ ജലപാതയിലൂടെ എത്തിക്കാൻ കഴിയും. ഇത് ദേശീയപാതയിലെ തിരക്ക് വല്ലാതെ കുറയ്ക്കാനും അപകടങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ഈ ജലപാതയെ ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അതോടെ ഒരു മൾട്ടിമോഡൽ ലോജിസ്റ്റിക്‌സ് ശൃംഖല സംസ്ഥാനത്ത് നിലവിൽ വരും. ഇത് കയറ്റുമതി-ഇറക്കുമതി ചിലവ് കുറയ്ക്കുകയും നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. വ്യാവസായിക യൂണിറ്റുകൾ, ലോജിസ്റ്റിക്‌സ് ഹബുകൾ, ഫുഡ് പ്രോസസിങ് കേന്ദ്രങ്ങൾ എന്നിവ ജലപാതയുടെ തീരങ്ങളിൽ വളർന്നുവരും. ഇത്തരത്തിൽ പല നിലയിൽ വികസന സാധ്യതയുള്ള പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ ജലപാത വികസനത്തിന് ഇതുവരെ 450 കോടി രൂപയുടെ പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 325 കോടി രൂപ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. ഇതിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായാണ് 150 കോടി രൂപ ചെലവഴിച്ചത്. വർക്കലയിലും കഠിനംകുളത്തുമായി 580 ഓളം കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യമാണ് ഉറപ്പാക്കിയത്. തിരുവനന്തപുരത്തും പുനരധിവാസത്തിനായി ജനങ്ങൾക്ക് സ്വീകാര്യമായ ഒരു പാക്കേജ് നൽകാനാണ് ആലോചിക്കുന്നത്. നിലവിൽ അവിടെ പുനരധിവാസം ആവശ്യമുള്ള 494 കുടുംബങ്ങളിൽ 450 കുടുംബങ്ങളും സർക്കാരിന്റെ പാക്കേജ് സ്വീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവരും വേഗം തന്നെ അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ജനങ്ങളെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുക എന്ന നയം കേരളത്തിനില്ല. എല്ലാവരെയും ചേർത്തുപിടിക്കുക എന്ന നയമാണ് നമ്മുടെ നാട് നടപ്പാക്കുന്നത്. പലതരത്തിലുള്ള തടസ്സങ്ങൾ വന്നേക്കാം, പക്ഷെ ആ തടസ്സങ്ങൾ കണ്ട് പദ്ധതിയിൽ നിന്ന് പിന്മാറുന്നതോ അത് ഉപേക്ഷിക്കുന്നതോ സർക്കാരിന്റെ രീതിയല്ല.
സംസ്ഥാന സർക്കാരും സിയാലും ചേർന്ന് രൂപീകരിച്ച 'ക്വിൽ' (KWIL) എന്ന പ്രത്യേക കമ്പനിയാണ് ഈ പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്നത്. രണ്ടാം ഘട്ടം എന്ന നിലയിൽ ചേറ്റുവ മുതൽ ബേക്കൽ വരെയുള്ള ഭാഗം സമയബന്ധിതമായി പൂർത്തിയാക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് പദ്ധതി പൂർത്തീകരിച്ച ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നാടിന്റെ വികസനത്തിനായി എല്ലാവരും സഹകരിക്കുന്നുണ്ട്. നവകേരളം യാഥാർത്ഥ്യമാക്കാനുള്ള നീക്കമാണ് നാം നടത്തുന്നത്. ഇനിയും ആ സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അഡ്വ. വി. ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്വിൽ ഡയറക്ടർ എസ്. സുഹാസ് സ്വാഗതം പറഞ്ഞു. ചിലക്കൂർ വിനോദസഞ്ചാര പദ്ധതിയുടെയും സോളാർ ബോട്ടിന്റെയും നടത്തിപ്പ് ചുമതല സംബന്ധിച്ച ധാരണാപത്രം എസ്. സുഹാസും കേരള ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ ഹർഷിൽ ആർ. മീണയും കൈമാറി. വർക്കല നഗരസഭ ചെയർപേഴ്‌സൺ ഗീത ഹേമചന്ദ്രൻ, ഇൻലാൻഡ് നാവിഗേഷൻ ചീഫ് എൻജിനീയർ ശ്രീകല സി. കെ., ഡയറക്ടർ അരുൺ കെ. ജേക്കബ്, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവർ ഉദ്ഘടന ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.