വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ
വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നത് ഒരു സ്വപ്നം മാത്രമല്ല യാഥാർഥ്യമാക്കാൻ കഴിയുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ അഞ്ചാമത് ലോക കേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നത് ഒരു സ്വപ്നം മാത്രമല്ല യാഥാർഥ്യമാക്കാൻ കഴിയുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ അഞ്ചാമത് ലോക കേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആദ്യകാലത്ത് ദാരിദ്ര്യവും കഷ്ടപ്പാടും മൂലം നാടുവിട്ട മലയാളികൾ കഠിനമായ ശാരീരിക അധ്വാനം വേണ്ടി വരുന്ന ജോലികളിൽ ഏർപെട്ടിട്ടാണ് പ്രവാസ ജീവിതം കെട്ടിപ്പടുത്തത്. എന്നാൽ 1957ലെ ഇ.എം.എസ് സർക്കാരിന്റെ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകളും കേരളത്തിന്റെ ഗതി മാറ്റി. സ്‌കൂളുകളുടെ എണ്ണം വർദ്ധിച്ചതും വിദ്യാഭ്യാസം സാർവത്രികമായതും മലയാളിയെ ലോകനിലവാരമുള്ള പ്രൊഫഷണലുകളാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ലോകത്തെവിടെയും മലയാളി സാന്നിധ്യമുണ്ട്. ഡോക്ടർമാരും എൻജിനീയർമാരും ശാസ്ത്രജ്ഞരുമായി പ്രവാസി മലയാളികളുടെ ലോകം വികസിച്ചു.
സംസ്ഥാന ബജറ്റിൽ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കിയതും മുഖ്യമന്ത്രി പരാമർശിച്ചു. വിദേശത്ത് ഗവേഷണത്തിനും ജോലിക്കുമായി പോയവരുടെ സഹായം തേടി, അവരുടെ വൈദഗ്ധ്യം ആഭ്യന്തര ഉൽപ്പാദന മേഖലയിൽ വിനിയോഗിക്കുന്ന ചൈനയുടെ പദ്ധതി ലോകപ്രശസ്തമാണ്. ഇതിന് സമാനമായ നിർദ്ദേശങ്ങൾ ലോക കേരള സഭയിൽ ഉയർന്നുവന്നിട്ടുണ്ടെന്നും ഭാവിയിൽ കേരളത്തിലും ഇത്തരം പ്രവാസി പ്രോജക്ടുകൾ നടപ്പിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരള സഭയുടെ രൂപീകരണ വേളയിൽ പലർക്കും ആശങ്കയുണ്ടായിരുന്നുവെങ്കിലും ഇന്ന് ഇത് പ്രവാസികളുടെ ആധികാരിക ശബ്ദമായി മാറി. കേന്ദ്ര സർക്കാർ പോലും കേരളത്തിന്റെ ഈ മാതൃക പിന്തുടരാൻ മറ്റ് സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുന്നത് കേരളത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ ഉൾപ്പെടെ പ്രവാസികൾക്കായി സർക്കാർ നടപ്പിലാക്കുന്ന വിപുലമായ പദ്ധതികലും മുഖ്യമന്ത്രി പരാമർശിച്ചു. വിദേശ റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു നോർക്ക പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നുണ്ട്. നിലവിലെ എൻ.ആർ.ഐ പോലീസ് സ്റ്റേഷന് ഉപരിയായി നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന സംവിധാനമായിരിക്കും ഇത്. പഠനസംബന്ധമായ സമഗ്ര ഓൺലൈൻ സംവിധാനം സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ പൂർത്തിയായിക്കഴിഞ്ഞു. വിദേശരാജ്യങ്ങളിൽ ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിച്ചു. കാനഡയിലെ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് നോർക്ക-കാനഡ കോർഡിനേഷൻ കൗൺസിൽ രൂപീകരിച്ചു. എജുക്കേഷൻ കൺസൾട്ടൻസികളെ നിയന്ത്രിക്കാനുള്ള ബില്ലുമായി ബന്ധപ്പെട്ട നിയമനിർമാണം അവസാന ഘട്ടത്തിലാണ്.
അന്താരാഷ്ട്ര തലത്തിൽ കുടിയേറ്റക്കാരോടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമീപനം മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, അസഹിഷ്ണുത വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കേണ്ടത് മാതൃരാജ്യത്തിന്റെ കടമയാണെന്നും കൂട്ടിച്ചേർത്തു.
ലോക കേരള സഭ സമീപന രേഖ മുഖ്യമന്ത്രി സഭയുടെ പരിഗണനയ്ക്കായി സമർപ്പിച്ചു. സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെല്പ് ഡെസ്‌ക്, ഷെർപ്പ പോർട്ടൽ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ കോഫി ടേബിൾ ബുക്കിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി എ. ജയതിലക്, വ്യവസായ പ്രമുഖരായ എം. എ. യൂസഫ് അലി, രവി പിള്ള, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.