പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി; പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി
2021ൽ എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കണ്ണൂർ: 2021ൽ എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാധാരണക്കാരന്റെ സ്വപ്‌നമായ ഭൂമിയും വീടും യാഥാർത്ഥ്യമാക്കി. ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി. പുനർഗേഹം പദ്ധതി വഴി മത്സ്യത്തൊഴിലാളികൾക്ക് 2782 വീടുകൾ, 738 ഫ്‌ളാറ്റുകൾ എന്നിവ കൈമാറി. 4,56,689 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. അതിദാരിദ്ര്യത്തെ കേരളത്തിൽ നിന്നും തുടച്ചുനീക്കാനായതും ഈ സർക്കാരിന്റെ ഭരണനേട്ടങ്ങളിൽ പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 64006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കി. രാജ്യത്തെ ഒരു സംസ്ഥാനവും അതിദാരിദ്ര്യമുക്തമാക്കാൻ നടപടി സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണത്തിന്റെ ശരിയായ സ്വാദ് ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയണം. അടിസ്ഥാനസൗകര്യവികസനത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി. ദേശീയ പാത നിർമ്മാണം ഭംഗിയായി നടക്കാൻ കാരണം സ്ഥലം ഏറ്റെടുപ്പിന്റെ 25ശതമാനം പൂർത്തിയായതുകൊണ്ടാണ്. വിഴിഞ്ഞം തുറമുഖം പൂർത്തിയാക്കാൻ കഴിഞ്ഞു. മുണ്ടക്കൈ-ചുരൽമല പുനരധിവാസത്തിൽ മാതൃകാ ടൗൺഷിപ്പ് പൂർത്തിയാക്കി. 178 വീടുകളിൽ പൂർത്തിയാക്കുകയും ബാക്കി വീടുകളുടെ നിർമ്മാണം അതിവേഗത്തിൽ നടക്കുകയുമാണ്. കേന്ദ്രത്തിന്റെ സഹായം വേണ്ടത്ര ഉണ്ടായില്ല. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ 150 കോടി ബജറ്റിൽ നീക്കിവെച്ചു. പരാതികൾ അറിയിക്കാൻ പ്രവാസികൾക്ക് പ്രത്യേക പൊലീസ് സ്റ്റേഷൻ ആരംഭിച്ചു. ജെ ബി കോശി റിപ്പോർട്ടിലെ 220 ശുപാർശകൾ നടപ്പിലാക്കാൻ കഴിഞ്ഞു. നവകേരളം പടുത്തുയർത്തുകയാണ് ഉദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാത്രയിൽ വേഗതയില്ലാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കെ റെയിലിനായി കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇവിടെ രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് ചിലർ സമീപിച്ചത്. കോൺഗ്രസും ബിജെപിയും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിലിന് പകരം റീജ്യനൽ റെയിൽ ട്രാൻസ്പോർട്ട് (ആർ. ആർ ടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു ഇതിന് തടസങ്ങൾ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവെ യുമായി യാതൊരു ബന്ധവും പദ്ധതിക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞുഇന്ദിരാഗ്യാരണ്ടി സംബന്ധിച്ച ചോദ്യത്തോട് ആദ്യം വയനാട്ടിലെ ശ്രുതിക്ക് വീട് വെച്ചുകൊടുക്കട്ടെ. എന്നിട്ടാവാം മറ്റുകാര്യങ്ങൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോഴാണ് പറഞ്ഞകാര്യങ്ങൾക്ക് വിലയുണ്ടാവുക. പറഞ്ഞകാര്യങ്ങൾ എത്രത്തോളം നടപ്പിലാക്കും എന്ന് അപ്പോഴല്ലേ അറിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.