“വേവോളം കാത്തിരുന്നു, ഇനി ആറോളം കാത്തിരിക്കാം”; മുഖ്യമന്ത്രി ആരെന്ന് അറിയാൻ കാത്തിരിക്കാമെന്ന് വെള്ളാപ്പള്ളി നടേശൻ 

 സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
 

 സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. “വേവോളം കാത്തിരുന്നു, ഇനി ആറോളം കാത്തിരിക്കാം” എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്നും അതിൽ അഭിപ്രായം പറയാൻ താൻ ആളല്ലെന്നും ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തെ വെള്ളാപ്പള്ളി പ്രകീർത്തിച്ചു. കേരള ചരിത്രത്തിൽ പിണറായി വിജയനെപ്പോലെ മാധ്യമങ്ങൾ വേട്ടയാടിയ മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ലെന്നും പകരം കുറ്റങ്ങൾ മാത്രമാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ ഇപ്പോഴത്തെ അവസ്ഥയിലാക്കിയത് മാധ്യമങ്ങളുടെ ഈ നിരന്തര വേട്ടയാടലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന യു.ഡി.എഫ് സർക്കാരിന് നല്ല ഭരണം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

സി.പി.എം നേതാവ് എ.എം ആരിഫിനെതിരെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് സഹായം തേടി വരികയും ജയിച്ചു കഴിഞ്ഞപ്പോൾ തള്ളിപ്പറയുകയുമാണ് ആരിഫ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരിഫിന്റേത് മുസ്ലിം ലീഗിന്റെ മനസ്സാണെന്നും മറ്റെങ്ങോട്ടും ചാടാതിരിക്കാനാണ് സി.പി.എം അയാൾക്ക് സീറ്റ് നൽകിയതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. താൻ കാരണമാണ് ഇടതുപക്ഷം തോറ്റതെന്ന ചർച്ചകൾ സി.പി.എമ്മിനുള്ളിലോ സി.പി.ഐക്കുള്ളിലോ നടന്നിട്ടില്ലെന്നും തന്നെയും സമുദായത്തെയും അപകീർത്തിപ്പെടുത്താൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.