ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവിൽ സർവീസ് മാറണം : മുഖ്യമന്ത്രി
ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പിന്തുടർച്ചയായ ഉദ്യോഗസ്ഥാധിപത്യ രീതികളിൽ നിന്ന് മാറി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവിൽ സർവീസ് മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പിന്തുടർച്ചയായ ഉദ്യോഗസ്ഥാധിപത്യ രീതികളിൽ നിന്ന് മാറി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവിൽ സർവീസ് മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനോൻമുഖ നടപടികൾ കൈക്കൊണ്ട് എല്ലാ തലത്തിലും ജനാധിപത്യ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളത്തിലെ സിവിൽ സർവീസ് ജേതാക്കൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഭാഷ മാതൃഭാഷയാക്കാനുള്ള ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. സാധാരണ ജനങ്ങളുടെ ഭാഷയിൽ സർക്കാർ വിനിമയം നടത്തിയാൽ മാത്രമേ ജനാധിപത്യം അർത്ഥവത്താവുകയുള്ളൂ. ഉദ്യോഗസ്ഥർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയും മന്ത്രിസഭയും ആവിഷ്‌കരിക്കുന്ന നയങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥരാണിവർ. നിയമപരമായും ഭരണഘടനാപരമായും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ സംരക്ഷണം നൽകും. എന്നാൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ലഭിക്കില്ല. മതനിരപേക്ഷതയിലും മനുഷ്യത്വത്തിലും ഊന്നിയാവണം ഉദ്യോഗസ്ഥരുടെ പ്രവർത്തനം. ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതനിരപേക്ഷതയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മാനുഷികമായ അന്തസ്സോടെ ജനങ്ങളോട് ഇടപെടാൻ ഉദ്യോഗസ്ഥർക്കാവണം. സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിലും യുവാക്കൾ പൊതുസേവന രംഗത്തേക്ക് കടന്നുവരുന്നത് ഏറെ സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമി ഈ വർഷം മികച്ച നേട്ടമാണ് കൈവരിച്ചത്. അക്കാദമിയിൽ നിന്ന് 47 പേർ ഇത്തവണ വിജയികളായി. കഴിഞ്ഞ വർഷം ഇത് 43 ആയിരുന്നു. കൂടുതൽ മലയാളികളെ സിവിൽ സർവീസിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2005ൽ ആരംഭിച്ച അക്കാദമിക്ക് ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും സെന്ററുകളുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള പ്രത്യേക പിന്തുണ അക്കാദമി ഉറപ്പുവരുത്തുന്നുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളി വിഭാഗത്തിലെ കുട്ടികൾക്കും സൗജന്യ പരിശീലനം നൽകുന്നുണ്ട്. പൊന്നാനി സബ് സെന്ററിൽ മുസ്ലീം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് നൽകുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 കുട്ടികൾക്ക് 40,000 രൂപയുടെ സാമ്പത്തിക സഹായം നൽകി വരുന്നു. യു.പി.എസ്.സി. മാറ്റങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ അക്കാദമിയിൽ പ്രത്യേക റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കമ്മിറ്റിയും വിപുലമായ ലൈബ്രറി സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷ വിജയിച്ച 47 പേർക്കും മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ഓരോ പ്രവർത്തനവും സാധാരണക്കാരെ മുന്നിൽ കണ്ടുകൊണ്ടാവണമെന്നും അരികുവൽക്കരിക്കപ്പെട്ടവരെ മുഖ്യാധാരയിലെത്തിക്കാൻ നീതിയോടും സത്യസന്ധതയോടും നിലകൊള്ളണമെന്നും സിവിൽ സർവീസ് ജേതാക്കളോട് ചടങ്ങിൽ അദ്ധ്യക്ഷയായിരുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അഭ്യർത്ഥിച്ചു.
ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരള ഡയറക്ടർ ഇഷിതാ റോയ് തുടങ്ങിയർ ജേതാക്കൾക്ക് ആശംസ അർപ്പിച്ചു.