ചേരാനെല്ലൂർ അപകടം: പൊലീസിന് വീഴ്ച പറ്റി, ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്ന് നിയമസഭയിൽ ആഭ്യന്തരമന്ത്രി
ചേരാനെല്ലൂരിൽ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ തട്ടുകടക്കാരൻ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കേസിൽ സർക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ അന്വേഷിച്ചപ്പോൾ കേസിൽ കുറ്റകരമായ നരഹത്യ എന്ന വകുപ്പ് ചേർത്തിട്ടില്ലെന്ന് മനസ്സിലായെന്നും, ഇത്രയും ഗൗരവകരമായ വിഷയത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പിക്ക് അപ്പോൾത്തന്നെ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: ചേരാനെല്ലൂരിൽ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ തട്ടുകടക്കാരൻ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കേസിൽ സർക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ അന്വേഷിച്ചപ്പോൾ കേസിൽ കുറ്റകരമായ നരഹത്യ എന്ന വകുപ്പ് ചേർത്തിട്ടില്ലെന്ന് മനസ്സിലായെന്നും, ഇത്രയും ഗൗരവകരമായ വിഷയത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പിക്ക് അപ്പോൾത്തന്നെ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
രാത്രി രണ്ടരയ്ക്ക് പാവപ്പെട്ട ഒരു മനുഷ്യൻ അധ്വാനിച്ച് വീട്ടിലേക്ക് സാധനങ്ങൾ കൊണ്ടുപോകുമ്പോഴാണ് അതിവേഗത്തിലെത്തിയ ആഡംബര കാറിടിച്ച് കൊല്ലപ്പെടുന്നത്. അത്രയും ഗുരുതരമായ അപകടമുണ്ടാക്കിയിട്ടും പൊലീസ് ഏത് അടിസ്ഥാനത്തിലാണ് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയതെന്ന് ഡി.ജി.പിയോട് ചോദിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. തെറ്റ് ചെയ്യുന്ന പൊലീസുകാരെ കണ്ണടച്ച് ന്യായീകരിക്കേണ്ട ബാധ്യത സർക്കാരിനില്ല. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് വ്യക്തമാക്കിയ മന്ത്രി, മരിച്ചയാളുടെ ഫോൺ വാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തവർക്കെതിരെയും കൃത്യമായ എഫ്.ഐ.ആർ ഇടാത്ത ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് സഭയിൽ ഉറപ്പുനൽകി.
പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിയെ അപലപിച്ച മന്ത്രി, ജുവനൈൽ മജിസ്ട്രേറ്റ് ജാമ്യം നൽകരുതായിരുന്നു എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കാൻ മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും അറിയിച്ചു. കൂടാതെ, വാഹനം ഓടിച്ചത് മൈനറായതിനാൽ ഉടമയായ ജഡ്ജിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആ വിവരം ഹൈക്കോടതി രജിസ്ട്രാറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. അതിനിടെ, പൊലീസ് സ്റ്റേഷനിൽ രണ്ടു നീതിയാണ് നടപ്പിലാക്കുന്നതെന്നും വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും സി.പി.എം അംഗം എ.സി. മൊയ്തീൻ ആവശ്യപ്പെട്ടു.