ചേരാനല്ലൂർ വാഹനാപകടം ; 17 വയസ്സുകാരന്റെ പിതാവായ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന
ചേരാനല്ലൂർ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന. ആലുവയിലെ ഫ്ലാറ്റിലാണ് പരിശോധന നടത്തുന്നത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പരിശോധന
കൊച്ചി ∙ ചേരാനല്ലൂർ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന. ആലുവയിലെ ഫ്ലാറ്റിലാണ് പരിശോധന നടത്തുന്നത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിക്കും. അതേസമയം, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ബുധനാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജഡ്ജിക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
ജയബാലകൃഷ്ണന്റെ ബന്ധുക്കളും ചേരാനല്ലൂർ പൊലീസും തമ്മിൽ നടത്തിയ ചർച്ച മണിക്കൂറുകൾ നീണ്ടിരുന്നു. അഭിഭാഷകനൊപ്പമാണ് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ പൊലീസിനെ കാണാനെത്തിയത്. ചർച്ചയിൽ പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ധരിപ്പിച്ചു.
ഹൈക്കോടതിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസ് കൈമാറിയിട്ടുണ്ടെന്നും ചർച്ചയിൽ കുടുംബത്തെ രേഖകൾ കാണിച്ച് പൊലീസ് വിശദീകരിച്ചു. തുടർന്ന് ചർച്ച കഴിഞ്ഞ് പുറത്തുവന്ന കുടുംബാംഗങ്ങൾ പൊലീസ് നടപടികളിൽ തങ്ങൾ തൃപ്തരാണെന്നും പ്രതികൾക്ക് എതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മാധ്യമങ്ങളോടു പറഞ്ഞു.
വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ കാറിന്റെ ഉടമസ്ഥനായ ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനു ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഈ അനുമതി സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുടുംബം പറഞ്ഞു. അതേസമയം കുറ്റവാളികൾ ഇപ്പോഴും സ്വതന്ത്രരായി കഴിയുകയാണ്. 17കാരന്റെ ജാമ്യം റദ്ദാക്കുവാനും കാർ ഉടമസ്ഥനായ പിതാവിനെ ജോലിയിൽനിന്നും പിരിച്ചുവിടണമെന്നും ജയബാലകൃഷ്ണന്റെ കുടുംബം ആവശ്യപ്പെട്ടു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കുടുംബം ജില്ലാ കോടതിയെ സമീപിക്കും. നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തെങ്കിലും എന്തു കുറ്റമാണ് അവർ ചെയ്തത് എന്നതു സംബന്ധിച്ചുള്ള വിവരം ലഭിച്ചിട്ടില്ല.