ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകൻ വിശാല്‍ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി.പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളില്‍ പ്രതികള്‍ കുറ്റം ചെയ്തുവെന്ന് കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കി

 

കോന്നി എൻഎസ്‌എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിവിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ 16നാണ് കുത്തേറ്റത്.

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി.പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളില്‍ പ്രതികള്‍ കുറ്റം ചെയ്തുവെന്ന് കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കി. നിരാശാജനകമായ വിധിയെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. മതിയായ തെളിവുകള്‍ ഹാജരാക്കിയെന്നും മതിയായ സാക്ഷികള്‍ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. കോന്നി എൻഎസ്‌എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിവിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ 16നാണ് കുത്തേറ്റത്.

വിശാല്‍ കൊല്ലപ്പെട്ട് പതിമൂന്ന് വർഷങ്ങള്‍ പിന്നിടുമ്ബോഴാണ് ഇന്ന് വിധി വന്നത്. ക്യാമ്ബസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന ഇരുപത് പേരാണ് കേസിലെ പ്രതികള്‍. വിചാരണ വേളയില്‍ എസ്‌എഫ്‌ഐ-കെ എസ് യു പ്രവർത്തകർ മൊഴി മാറ്റിയതോടെ കേസ് ഏറെ വിവാദമായിരുന്നു. 

കോളജിലെ നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ വിശാല്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്ബസ് ഫ്രണ്ടുകാരും പന്തളം സ്വദേശികളുമായ നാസിം, ഷെഫീഖ്, അന്‍സാര്‍ ഫൈസല്‍, ഷെഫീക്ക്, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അല്‍ താജ്, സഫീര്‍, അഫ്‌സല്‍, വെണ്‍മണി സ്വദേശിയായ ഷമീര്‍ റാവുത്തര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘം ആക്രമിക്കുകയായിരുന്നു.

വിശാലിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരെ അതീവ ഗുരുതരമായി പ്രതികള്‍ മുറിവേല്‍പ്പിക്കുകയും മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നും കുറ്റപത്രത്തില്‍ ആരോപണമുണ്ട്. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുള്‍പ്പടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തില്‍ പരിക്കേറ്റത്.

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിശാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിറ്റേദിവസം മരണപ്പെട്ടു. ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. കേസിലെ ഇരുപതു പ്രതികളും നിലവില്‍ ജാമ്യത്തിലാണ്