ഗർഭാശയഗള കാൻസർ പ്രതിരോധ വാക്സിൻ 31വരെ; സ‍ൗജന്യമായി വാക്‌സിനെടുത്ത് 76,417 പെൺകുട്ടികൾ

സംസ്ഥാനത്ത് ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കാനായി 14വയസ് പൂർത്തിയായ പെൺകുട്ടികൾക്ക് ഗവ. ആരോഗ്യകേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്പിവി വാക്സിൻ 31വരെ ലഭ്യമാകും. പൊതുവിപണിയിൽ 4000 രൂപവരെ വിലവരുന്ന വാക്സിനാണ് സൗജന്യമായി നൽകുന്നത്. വിദേശരാജ്യങ്ങളിലും ഇന്ത്യയിൽ സ്വകാര്യ മേഖലയിലും നൽകിവന്നിരുന്ന വാക്സിൻ ഫെബ്രുവരി 28മുതലാണ്‌ എൽഡിഎഫ്‌ സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാക്കി തുടങ്ങിയത്‌.
 

ആലപ്പുഴ : സംസ്ഥാനത്ത് ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കാനായി 14വയസ് പൂർത്തിയായ പെൺകുട്ടികൾക്ക് ഗവ. ആരോഗ്യകേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്പിവി വാക്സിൻ 31വരെ ലഭ്യമാകും. പൊതുവിപണിയിൽ 4000 രൂപവരെ വിലവരുന്ന വാക്സിനാണ് സൗജന്യമായി നൽകുന്നത്. വിദേശരാജ്യങ്ങളിലും ഇന്ത്യയിൽ സ്വകാര്യ മേഖലയിലും നൽകിവന്നിരുന്ന വാക്സിൻ ഫെബ്രുവരി 28മുതലാണ്‌ എൽഡിഎഫ്‌ സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാക്കി തുടങ്ങിയത്‌. സംസ്ഥാനതലത്തിൽ 76,417 പേർക്ക്‌ ലഭ്യമാക്കി. 15വയസും മൂന്നുമാസവുംവരെ വാക്സിനെടുക്കാം.

ഇന്ത്യയിൽ സ്ത്രീകളിൽ കൂടുതൽ കണ്ടുവരുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്താണ് ഗർഭാശയഗള കാൻസർ. ഇന്ത്യയിൽ സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്ന രണ്ടാമത്തെ അർബുദമാണ് ഗർഭാശയഗള അർബുദം. അർബുദ അനുബന്ധ മരണ നിരക്കുകൾ ഉയർത്തുന്നതിന് ഈ അർബുദം പ്രധാന കാരണമാണ്.

ഇത്‌ കൂടാതെ ഹ്യൂമൻ പാപ്പിലോമ വൈറസ് വകഭേദങ്ങൾ ഉണ്ടാക്കുന്ന തൊണ്ടയിലെ കാൻസർ, മലദ്വാര കാൻസർ തുടങ്ങിയവയെയും പ്രതിരോധിക്കാൻ വാക്സിന് കഴിയും. ഒറ്റ കുത്തിവെപ്പിലൂടെ പെൺകുട്ടികളെ സുരക്ഷിതരാക്കാനുള്ള അവസരമാണിത്. വാക്സിൻ ലഭ്യമാകുന്ന തീയതിയും സമയവും അടുത്തുള്ള ആരോഗ്യപ്രവർത്തകരിൽനിന്നും മനസ്സിലാക്കണമെന്നും വയസ് തെളിയിക്കുന്ന രേഖകൾ കരുതണമെന്നും അധികൃതർ പറഞ്ഞു.