‘കേന്ദ്ര ബജറ്റില്‍ കേരളത്തോട്‌ കാണിച്ച അവഗണന’; സംസ്ഥാനത്ത് ഇന്ന് സി.പി.എം കരിദിനാചരണം 

: കേന്ദ്ര ബജറ്റില്‍ കേരളത്തോട്‌ കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്ന് കരിദിനാചരണത്തിന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആഹ്വാനംചെയ്‌തു. ബൂത്ത്‌ കേന്ദ്രങ്ങളിൽ കരിങ്കൊടി ഉയര്‍ത്തി അവഗണനയ്‌ക്കും ജനദ്രോഹത്തിനുമെതിരെ പ്രകടനം സംഘടിപ്പിക്കും.

 

 തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തോട്‌ കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്ന് കരിദിനാചരണത്തിന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആഹ്വാനംചെയ്‌തു. ബൂത്ത്‌ കേന്ദ്രങ്ങളിൽ കരിങ്കൊടി ഉയര്‍ത്തി അവഗണനയ്‌ക്കും ജനദ്രോഹത്തിനുമെതിരെ പ്രകടനം സംഘടിപ്പിക്കും.

ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമില്ലെന്ന തരത്തിലാണ്‌ ബജറ്റ്‌. ബജറ്റിനുമുമ്പ് കേന്ദ്രധനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളം 29 ആവശ്യങ്ങളുന്നയിച്ചു. ഒന്നുപോലും പരിഗണിച്ചില്ല. ദീര്‍ഘകാലാവശ്യമായ എയിംസ്‌ അനുവദിച്ചില്ല. ഏഴ്‌ അതിവേഗ ഇടനാഴികളിലും കേരളമില്ല. നേരത്തെ പ്രഖ്യാപിച്ച കോച്ച്‌ ഫാക്‌ടറിയെക്കുറിച്ച്‌ മിണ്ടിയില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന്‌ ആയുര്‍വേദ എയിംസുമില്ല. ഉള്‍നാടന്‍ ജല ഗതാഗത പദ്ധതിയിലും ഉൾപ്പെടുത്തിയില്ല.

പരമ്പരാഗത വ്യവസായ സംരക്ഷണ നടപടിയില്ല. സര്‍വകലാശാല ടൗണ്‍ഷിപ് പ്രഖ്യാപനത്തിലും അവഗണിച്ചു. റബർ വിലസ്ഥിരത ഫണ്ടുമില്ല. പ്രവാസിക്ഷേമത്തിനും നടപടിയില്ല. സ്‌കീം വര്‍ക്കര്‍മാരെ പൂര്‍ണമായും അവഗണിച്ചു. കോര്‍പറേറ്റ്‌ നികുതി വര്‍ധിപ്പിച്ചില്ലെന്ന്‌ മാത്രമല്ല, വന്‍കിട കമ്പനികളുടെ ആള്‍ട്ടര്‍നേറ്റ്‌ ടാക്‌സ്‌ കുറയ്‌ക്കുകയുംചെയ്‌തു. ക്ഷേമപദ്ധതികള്‍ വര്‍ധിപ്പിക്കാനുള്ള നീക്കവും ഉണ്ടായില്ല. തൊഴിലുറപ്പ്‌ പദ്ധതിയിലുണ്ടായ വെട്ടിക്കുറവ്‌ കേരളത്തിലെ പദ്ധതികളെ തകിടംമറിക്കും –സി.പി.എം സെക്രട്ടറിയറ്റ്‌ ചൂണ്ടിക്കാട്ടി.