സെൻസസ് ജോലി : കുട്ടികളുടെ അവകാശങ്ങൾ തടസ്സപ്പെടരുതെന്ന് എ കെ എസ് ടി യു
അധ്യാപകർ നിർവഹിക്കുന്ന സെൻസസ് ജോലികൾ പൊതുവിദ്യാലയങ്ങൾക്ക് ബുദ്ധിമുട്ടാവാതെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടാവണമെന്ന് ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ എക്‌സി. കമ്മിറ്റി അഭിപ്രായപ്പെട്ടു.
കാസർകോട് : അധ്യാപകർ നിർവഹിക്കുന്ന സെൻസസ് ജോലികൾ പൊതുവിദ്യാലയങ്ങൾക്ക് ബുദ്ധിമുട്ടാവാതെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടാവണമെന്ന് ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ എക്‌സി. കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജൂലായ് മാസത്തിലെ മുഴുവൻ ശനി, ഞായർ അവധി ദിവസങ്ങളിലും അധ്യാപകരോട് നിർബന്ധമായും സെൻസസ് ജോലിചെയ്യണം എന്നുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ ഉത്തരവിനെ യൂണിയൻ അപലപിച്ചു. ഇതിനു പകരം പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിനെ സ്വാഗതം ചെയ്തു. സെൻസസ് ദിനങ്ങളിൽ കുട്ടികൾക്ക് പഠനാവസരം നഷ്ടമാകാതിരിക്കാൻ സർക്കാർ പകരം സംവിധാനമൊരുക്കണം.
പൊതുവിദ്യാലയങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് സെൻസസ് ഡ്യൂട്ടിക്ക് ലീവ് അനുവദിച്ച് പകരം താൽക്കാലിക അധ്യാപകരെ നിയമിക്കുകയാണ് വേണ്ടതെന്നു യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പത്മനാഭൻ, വിനയൻ കല്ലത്ത്, സുനിൽകുമാർ കരിച്ചേരി, ടി എ അജയകുമാർ, എ സജയൻ, കെ വിനോദ് കുമാർ, എം.ടി രാജീവൻ, എ കെ സുപ്രഭ, ഒ പ്രതീഷ്, വി സുപ്രീത് പ്രസംഗിച്ചു.