പുതുവത്സരാഘോഷം പൊടിപൊടിച്ചു; മലപ്പുറത്ത് 201 കേസ്, 4.14 ലക്ഷം പിഴ
മുന്നറിയിപ്പ് നൽകിയിട്ടും നിലവിട്ട പുതുവത്സരാഘോഷത്തിന്റെ പേരിൽ ജില്ലയിലാകെ 201 കേസ്. പലയിടങ്ങളിൽനിന്നും ഇനിയും കേസുകളുടെ വിവരം ലഭിക്കാനുണ്ട്. ആകെ 4,14,750 രൂപ പിഴയിട്ടു. ആഘോഷരാവിൽ കാര്യമായ അപകടങ്ങളൊന്നുമുണ്ടായില്ല.
മലപ്പുറം: മുന്നറിയിപ്പ് നൽകിയിട്ടും നിലവിട്ട പുതുവത്സരാഘോഷത്തിന്റെ പേരിൽ ജില്ലയിലാകെ 201 കേസ്. പലയിടങ്ങളിൽനിന്നും ഇനിയും കേസുകളുടെ വിവരം ലഭിക്കാനുണ്ട്. ആകെ 4,14,750 രൂപ പിഴയിട്ടു. ആഘോഷരാവിൽ കാര്യമായ അപകടങ്ങളൊന്നുമുണ്ടായില്ല.
ഗതാഗതനിയമലംഘനങ്ങൾ ഏറ്റവുംകൂടുതൽ തിരൂരിലാണുണ്ടായത്. അവിടെ 120 കേസുകൾ രജിസ്റ്റർചെയ്തു. തിരൂരിൽ മാത്രം 2,60,000 രൂപ പിഴയുമുണ്ട്. ആർടിഒ ബി. ഷഫീക്കിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ശക്തമായ പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയത്. മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, കൊണ്ടോട്ടി സബ് ആർടിഒ ഓഫീസ്, എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദേശീയ സംസ്ഥാനപാതകൾക്കുപുറമേ ഗ്രാമീണ മേഖലകളും വിനോദകേന്ദ്രങ്ങളും പ്രധാന ടൗണുകളും കേന്ദ്രീകരിച്ചും വൈകീട്ട് മൂന്നുമുതൽ പുലർച്ചെ മൂന്നുവരെ പരിശോധനയുണ്ടായി.
മദ്യപിച്ചുള്ള വാഹനയാത്ര, മൊബൈൽ ഫോൺ ഉപയോഗം, അമിതവേഗം, ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം ആളുകളെ കയറ്റൽ, സിഗ്‌നൽലംഘനം, രൂപമാറ്റംവരുത്തിയ വാഹനങ്ങൾ, അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസർ മാറ്റിയ വാഹനങ്ങൾ, എയർഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ, മറ്റുള്ളവരുടെ ഡ്രൈവിങ്ങിനെ ബാധിക്കുന്ന രീതിയിലുള്ള വർണലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ തുടങ്ങിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസുകൾ കോടതിയിലേക്ക് കൈമാറി. പുതുവത്സര രാത്രിയിൽ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് തീവ്ര ലൈറ്റുകളുടെ അപകടസാധ്യതയെക്കുറിച്ച് ബോധവത്കരണവും നൽകി.