അപരന്റെ ദുഃഖങ്ങളിൽ താങ്ങാകാനും മൈത്രിയുടെയും സ്നേഹത്തിന്റെയും പ്രകാശം നാടാകെ പരത്താനും ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ ; ചെറിയ പെരുന്നാൾ ആശംസയറിയിച്ച് മുഖ്യമന്ത്രി
ചെറിയ പെരുന്നാൾ ആശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റംസാൻ മാസത്തെ ത്യാഗപൂർണ്ണമായ വ്രതാനുഷ്ഠാനങ്ങൾക്ക് സമാപ്തി കുറിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കുന്നു.
തിരുവനന്തപുരം : ചെറിയ പെരുന്നാൾ ആശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റംസാൻ മാസത്തെ ത്യാഗപൂർണ്ണമായ വ്രതാനുഷ്ഠാനങ്ങൾക്ക് സമാപ്തി കുറിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കുന്നു. പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും നടക്കും. അപരന്റെ ദുഃഖങ്ങളിൽ താങ്ങാകാനും മൈത്രിയുടെയും സ്നേഹത്തിന്റെയും പ്രകാശം നാടാകെ പരത്താനും ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ എന്ന് മുഖ്യമന്ത്രി പെരുന്നാൾ ആശംസയിൽ നേർന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്തായ സന്ദേശമാണ് ഈ ദിനം പകർന്നുനൽകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഘോഷവേളയിൽ പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ പ്രവാസികളെ മാനസികമായി തളർത്തുന്നുണ്ടെന്നും വിമാന സർവീസുകളുടെ കുറവും അമിതമായ ടിക്കറ്റ് നിരക്കും കാരണം പലർക്കും നാട്ടിലെത്താൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ഈ പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതൽ വിമാന സർവീസുകൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാസി സഹോദരങ്ങൾക്കൊപ്പം കേരളമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഗൾഫ് നാടുകളിലെ പ്രവാസി സംഘടനകളും ലോക കേരള സഭാംഗങ്ങളും പ്രവാസികളെ സഹായിക്കാൻ നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും എല്ലാ പ്രവാസി കുടുംബങ്ങൾക്കും സന്തോഷകരമായ പെരുന്നാൾ ആശംസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.