ധോണിയെ വിറപ്പിച്ച പിടി 7 കൂട്ടിലായി 

 

പാലക്കാട്: ധോണിയെ വിറപ്പിച്ച പിടി 7 കൂട്ടിലായി . രാവിലെ 7.15 ന് മയക്കുവെടി വച്ച ഒറ്റയാനെ കാടിന് പുറത്ത് എത്തിച്ചത് 4 മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലായിരുന്നു. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാലു വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് പിടിയിലായത്. ധോണി ക്യാമ്പിൽ 140 യൂക്കാലിപ്സ് മരം കൊണ്ടു ഉണ്ടാക്കിയ കൂട്ടിൽ ആകും ഇനി കുറേക്കാലം പി ടി സെവൻറെ ജീവിതം. നാലുവർഷം വരെ ഉപയോഗിക്കാവുന്ന ഉറപ്പുള്ള കൂടാണിത്. 

കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയിലേക്ക് കയറ്റിയത് . മയക്കം വിട്ടതോടെ ബൂസ്റ്റർ ഡോസും നൽകി. മൂന്നു കുംകിയാനകളുടെ സഹായത്തോടെ നാലു മണിക്കൂർകൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിൽ എത്തിച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പതു മീറ്റർ അകലെ നിന്ന് ആനയുടെ ചെവിക്കു പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു.